വയനാട്ടിൽ ഉടമസ്ഥനറിയാതെ തോട്ടത്തിൽ വൻ മാലിന്യനിക്ഷേപം. വയനാട് കുന്നമ്പറ്റയിൽ മെയ് ഒന്നിനാണ് സംഭവം. മുട്ടിൽ കൊളവയലിൽ മാലിന്യപ്രശ്നത്തെ തുടർന്ന് വിവാദത്തിലായ സ്ഥാപനത്തിൽ നിന്ന് മാലിന്യം നീക്കം ചെയ്യാൻ കരാറെടുത്തവർ ഉടമസ്ഥനറിയാതെ കുന്നമ്പറ്റയിലുള്ള ഒരു തോട്ടത്തിൽ നിക്ഷേപിക്കുകയായിരുന്നു. ഹിറ്റാച്ചിയും ടിപ്പറും ഉപയോഗിച്ച് രാത്രിയിലെത്തി തോട്ടം കുഴിച്ചാണ് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നുള്ള മാലിന്യം വൻ തോതിൽ ഇവിടെ കുഴിച്ചിട്ടത്.
തോട്ടത്തിൽ അസ്വാഭാവിക മാറ്റങ്ങൾ കണ്ടതിനെ തുടർന്ന് മഹാവീർ തോട്ടം ഉടമകൾ പിന്നീട് പരിശോധന നടത്തിയപ്പോഴാണ് മാലിന്യ നിക്ഷേപം കണ്ടെത്തിയത്. മാരക ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മാലിന്യ നിക്ഷേപത്തിനെതിരെ പിന്നീട് ഉടമകൾ മേപ്പാടി പൊലീസിൽ പരാതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമം 447,427,290 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തെങ്കിലും ടിപ്പർ, ഹിറ്റാച്ചി ഡ്രൈവർമാർക്കെതിരെ മാത്രമാണ് കേസെന്ന് ആക്ഷേപമുയർന്നിരിക്കുകയാണ്.
മാലിന്യം നീക്കം ചെയ്യാൻ കരാറെടുത്തയാൾക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. രാഷ്ട്രീയ സ്വാധീനമുള്ള ഇയാൾക്കുവേണ്ടി കേസ് അട്ടിമറിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. സമാന സംഭവങ്ങൾ നേരത്തേ നടന്നുവെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here