അദാനി മറുപടി പറഞ്ഞേ തീരു…! കൈക്കൂലി കേസിൽ സമൻസ് അയച്ച് യുഎസ് എസ്ഇസി

adani

കൈക്കൂലി കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് സമൻസ് അയച്ച് യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ. ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണത്തിലെ വിശദീകരണം ആരാഞ്ഞാണ് നോട്ടീസ് നല്കിയിരിക്കുന്നത്.

ഗൗതം അദാനിക്ക് പുറമെ അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കും യുഎസ്ഇസി സമൻസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച് 21 ദിവസത്തിനകം ഇരുവരും മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും അഹമ്മദാബാദിലെ വസതിയിലേക്കാണ് സമൻസ് അയച്ചിരിക്കുന്നത്.

ന്യൂ യോർക്ക് ജില്ലാ കോടതിയിൽ നിന്നും ഈ മാസം ഇരുപത്തിയൊന്നിന് സമൻസ് അയച്ചതായാണ് പിടിഐ റിപ്പോർട് ചെയ്യുന്നത്. യഥാസമയം മറുപടി നൽകിയില്ലെങ്കിൽ അദാനിക്കെതിരെ കോടതി സ്വതസിദ്ധമായ വിധി പുറപ്പെടുവിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ALSO READ; യുപി ഷാഹി ജുമാ മസ്ജിദ് സർവ്വേക്കിടെയുണ്ടായ സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു

20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം ലഭിക്കുന്ന സൗരോർജ്ജ വിതരണ കരാറുകൾ നേടുന്നതിന് അദാനിയും അദ്ദേഹത്തിന്‍റെ അനന്തരവൻ സാഗർ അദാനിയും ഉൾപ്പെടെയുള്ളവർ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 250 മില്യൺ ഡോളറിൽ അധികം (2000 കോടിയലധികം രൂപ) കൈക്കൂലി നൽകിയെന്ന ആരോപണമാണ് കഴിഞ്ഞ ദിവസം ഉയർന്നുവന്നത്.

സംഭവത്തിൽ ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് അദാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കോഴ നൽകിയ വിവരം യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചു എന്നതടക്കമുള്ള കാര്യങ്ങൾ കുറ്റപത്രത്തിൽ പറയുന്നുണ്ട്.

അതേസമയം അദാനി ഗ്രൂപ്പ് ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടിരുന്നു. ഇതോടെ അദാനി ഓഹരികൾ വലിയ തോതിൽ കൈവശം വച്ചിരുന്നവർക്കും തിരിച്ചടി നേരിടേണ്ടി വന്നു.

രാജ്യത്തെ വന്‍കിട നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി)ക്ക് ആണ് ഏറ്റവും വലിയ നഷ്ടം നേരിടേണ്ടി വന്നത്. 12,000 കോടിയോളം രൂപയാണ് എൽഐസിക്ക് നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News