ഗാസ ഒടുവില്‍ സമാധാനത്തിലേക്ക്; വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനും സമ്മതിച്ച് ഹമാസ്

hamas-israel-deal-gaza-ceasefire

2023 ഒക്ടോബര്‍ മുതല്‍ പലസ്തീനിലെ ഗാസയില്‍ തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന് അറുതിയാകുന്നു. വെടിനിര്‍ത്തലിനും ഇസ്രയേല്‍ ബന്ദികളെ കൈമാറാനും ഹമാസ് സമ്മതിച്ചു. അതേസമയം, ഇസ്രയേല്‍ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.

ഗാസയിലെ ബന്ദികളുടെ കാര്യത്തില്‍ ഉടമ്പടിയില്‍ എത്തിയെന്നും അവര്‍ ഉടനെ മോചിതരാകുമെന്നും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയിലാണ് ചര്‍ച്ച നടക്കുന്നത്. ഹമാസ്, ഇസ്രയേല്‍ പ്രതിനിധികള്‍ ഖത്തറിലുണ്ട്. ഇരുകൂട്ടരുമായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹിമാന്‍ ബിന്‍ ജാസിം അല്‍ താനി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തെക്കന്‍ ഗാസ മുനമ്പില്‍ നിന്ന് വടക്കുഭാഗത്തേക്ക് ഭവനരഹിതരായവരുടെ തിരിച്ചുവരവിന് ഖത്തറും ഈജിപ്തും മേല്‍നോട്ടം വഹിക്കും.

Read Also: റോസാ ലക്‌സംബര്‍ഗ്: മഹാവിപ്ലവകാരിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 106 വര്‍ഷങ്ങള്‍

ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി നെത്സാരിം ഇടനാഴിയിലേക്ക് പിന്‍വാങ്ങും. ഗാസയ്ക്കുള്ളില്‍ 700 മീറ്റര്‍ ദൂരത്തേക്കാണ് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങുക. മാത്രമല്ല, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 250 പേരടക്കം 2,000 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ഹമാസ് 33 ഇസ്രയേല്‍ ബന്ദികളെയും മോചിപ്പിക്കും. ഉടമ്പടി പ്രകാരമുള്ള ആദ്യഘട്ടം ആരംഭിച്ച് ഏഴ് ദിവസത്തിന് ശേഷം ഈജിപ്റ്റുമായുള്ള റാഫ അതിര്‍ത്തി ഇസ്രയേല്‍ തുറക്കും. ഫിലാഡെല്‍ഫി ഇടനാഴി എന്നറിയപ്പെടുന്ന ഈജിപ്റ്റുമായുള്ള ഗാസയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും. ഗാസയില്‍ പരുക്കേറ്റവരെ ചികിത്സയ്ക്കുള്ള യാത്രയ്ക്ക് അനുവദിക്കും.

അതേസമയം, ചര്‍ച്ച പുരോഗമിക്കുമ്പോഴും ഗാസയില്‍ നരനായാട്ട് നടത്തുകയാണ് ഇസ്രയേല്‍. അഭയാര്‍ഥികള്‍ കഴിയുന്ന സ്‌കൂളില്‍ ബോംബിട്ട് 62 പേരെ കൊന്നു. മാത്രമല്ല, ജെനിനില്‍ നാല് പേരെയും കൊന്നു. ബന്ദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മിര്‍ജാന സ്‌പോള്‍ജാരികുമായി ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് കൂടിക്കാഴ്ച നടത്തി. കരാര്‍ ഇസ്രയേലും അംഗീകരിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here