ഗാസയില്‍ ചോരച്ചാലുകള്‍ക്ക് അറുതിവരുത്താനുള്ള സുപ്രധാന വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച നിലവില്‍ വരും. കരാര്‍ സംബന്ധിച്ച് യുഎസും മധ്യസ്ഥത വഹിക്കുന്ന ഖത്തറും സ്ഥിരീകരിച്ചതോടെ ഗാസയിലും ഇസ്രയേല്‍ തലസ്ഥാനം ടെല്‍ അവീവിലും ജനങ്ങള്‍ സന്തോഷപ്രകടനവുമായി തെരുവിലിറങ്ങി. അതേസമയം, ഇസ്രയേല്‍ സൈന്യം ഗാസയില്‍ നരനായാട്ട് തുടരുകയാണ്. കരാര്‍ പ്രഖ്യാപിച്ചത് മുതല്‍ ഇതുവരെ മണിക്കൂറുകള്‍ക്കുള്ളില്‍ 40 പലസ്തീനികളെ കൊന്നുതള്ളിയിട്ടുണ്ട്.
എല്ലാ പലസ്തീന്‍ ഗ്രൂപ്പുകളുടെയും വ്യവസ്ഥകള്‍ പാലിക്കുന്നതാണ് കരാറെന്ന് ഹമാസ് വക്താവ് ഇസ്സത് അല്‍ റിഷെഖ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും നന്ദി പറഞ്ഞു. അതേസമയം ഇസ്രയേല്‍ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവന ഇതുവരെ വന്നിട്ടില്ല. എന്നുമാത്രമല്ല, കരാര്‍ അന്തിമമായെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം രാത്രി വന്നത് മുതല്‍ ഹമാസിനെ കുറ്റപ്പെടുത്തുന്ന തരത്തില്‍ രണ്ട് പ്രസ്താവനകള്‍ നെതന്യാഹുവിന്റെ ഓഫീസ് പുറപ്പെടുവിച്ചിട്ടുമുണ്ട്. ധാരണകളില്‍ നിന്ന് പിന്നാക്കം പോകാനുള്ള പഴുതുകള്‍ ഹമാസ് അന്വേഷിക്കുന്നുവെന്നാണ് ഒടുവില്‍ വന്ന പ്രസ്താവന.
Read Also: ഗാസ ഒടുവില്‍ സമാധാനത്തിലേക്ക്; വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനും സമ്മതിച്ച് ഹമാസ്
2023 ഒക്ടോബര്‍ മുതല്‍ പലസ്തീനിലെ ഗാസയില്‍ തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധത്തിനാണ് കരാർ നിലവിൽവരുന്നതോടെ അറുതിയാകുന്നത്. വെടിനിര്‍ത്തലിനും ഇസ്രയേല്‍ ബന്ദികളെ കൈമാറാനും ഹമാസ് സമ്മതിച്ചു. ഗാസയിലെ ബന്ദികളുടെ കാര്യത്തില്‍ ഉടമ്പടിയില്‍ എത്തിയെന്നും അവര്‍ ഉടനെ മോചിതരാകുമെന്നും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയിലാണ് ചര്‍ച്ച നടന്നത്. ഹമാസ്, ഇസ്രയേല്‍ പ്രതിനിധികള്‍ ഖത്തറിലുണ്ട്. ഇരുകൂട്ടരുമായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹിമാന്‍ ബിന്‍ ജാസിം അല്‍ താനി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തെക്കന്‍ ഗാസ മുനമ്പില്‍ നിന്ന് വടക്കുഭാഗത്തേക്ക് ഭവനരഹിതരായവരുടെ തിരിച്ചുവരവിന് ഖത്തറും ഈജിപ്തും മേല്‍നോട്ടം വഹിക്കും. ബന്ദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മിര്‍ജാന സ്പോള്‍ജാരികുമായി ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി നെത്സാരിം ഇടനാഴിയിലേക്ക് പിന്‍വാങ്ങും. ഗാസയ്ക്കുള്ളില്‍ 700 മീറ്റര്‍ ദൂരത്തേക്കാണ് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങുക. മാത്രമല്ല, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 250 പേരടക്കം 2,000 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ഹമാസ് 33 ഇസ്രയേല്‍ ബന്ദികളെയും മോചിപ്പിക്കും. ഉടമ്പടി പ്രകാരമുള്ള ആദ്യഘട്ടം ആരംഭിച്ച് ഏഴ് ദിവസത്തിന് ശേഷം ഈജിപ്റ്റുമായുള്ള റാഫ അതിര്‍ത്തി ഇസ്രയേല്‍ തുറക്കും. ഫിലാഡെല്‍ഫി ഇടനാഴി എന്നറിയപ്പെടുന്ന ഈജിപ്റ്റുമായുള്ള ഗാസയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും. ഗാസയില്‍ പരുക്കേറ്റവരെ ചികിത്സയ്ക്കുള്ള യാത്രയ്ക്ക് അനുവദിക്കും. കഴിഞ്ഞ ദിവസം ഗാസയിൽ അഭയാര്‍ഥികള്‍ കഴിയുന്ന സ്‌കൂളില്‍ ബോംബിട്ട് 62 പേരെ ഇസ്രയേൽ കൊന്നിരുന്നു. മാത്രമല്ല, ജെനിനില്‍ നാല് പേരെയും കൊന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here