അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തോടെ ഗാസ വെടിനിർത്തൽ ചർച്ചകൾ വീണ്ടും വൈകിയേക്കുമെന്ന് സൂചന. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ നടത്തിയ സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ, തെരഞ്ഞെടുപ്പ് പൂർത്തിയാകാൻ കാത്തിരിക്കുകയായിരുന്നു ഖത്തറിന്റെയും ഇസ്രായേലിന്റെയും ഗസ്സയുടെയും നേതൃത്വം. വെടിനിർത്തൽ ചർച്ചകൾ വീണ്ടും പുനരാരംഭിക്കുകയാണെങ്കിൽ ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ജനുവരി 20വരെ കാത്തിരിക്കേണ്ടിവരും.
ഒരു വർഷത്തിലേറെയായി തുടരുന്ന ഗാസ ആക്രമണം ട്രംപ് ഏതു രീതിയിൽ കൈകാര്യം ചെയ്യുമെന്ന കാര്യവും പ്രവചനാതീതമാണ്. എങ്കിലും ഇസ്രായേലിന്റെ ഗാസ ആക്രമണം അവസാനിപ്പിക്കണമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആവശ്യപ്പെട്ടിരുന്നു. യുദ്ധം തുടങ്ങില്ലെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കാൻ പോവുകയാണെന്നുമാണ് വിജയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്.
ALSO READ; ഫെമ ലംഘനം: രാജ്യത്തെ ആമസോൺ, ഫ്ലിപ്കാർട്ട് ഓഫീസുകളിൽ ഇഡി റെയ്ഡ്
അതേസമയം, യുഎസ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമേ വെടിനിർത്തൽ ചർച്ചകളിൽ നടപടി സ്വീകരിക്കൂവെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിലപാടെടുത്തത്. ബൈഡൻ ഭരണകൂടവും മധ്യസ്ഥരും മുന്നോട്ടുവെച്ച മൂന്നുഘട്ട വെടിനിർത്തൽ പദ്ധതി അംഗീകരിക്കാൻ നെതന്യാഹു തയാറായിരുന്നില്ല.
ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയിട്ട് നിലപാട് തീരുമാനിക്കാമെന്നാണ് ഹമാസ് നേതൃത്വവും അറിയിച്ചിരിക്കുന്നത്. ഫലസ്തീൻ ജനതയോടും അവരുടെ അവകാശങ്ങളോടുമുള്ള പുതിയ അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടും പ്രായോഗിക നയങ്ങളെയും ആശ്രയിച്ചായിരിക്കും തങ്ങളുടെ സമീപനമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here