‘അവരെ ഭയം മൂടിയിരിക്കുന്നു…’ – ഗസ്സയുടെ അവസ്ഥ സങ്കൽപ്പിക്കാനാവാത്തതെന്ന് റെഡ് ക്രസന്‍റ് മേധാവി

GAZA ATTACK

ഒരു വർഷത്തിലധികമായി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ തളർന്ന് ഗസ്സക്കാർ. ആദ്യ മാസങ്ങളിൽ കനത്ത ബോംബാക്രമണത്തിന് വിധേയമായ ഗസ്സയുടെ വടക്കൻ മേഖലയിലേക്ക് ഇസ്രായേൽ സൈന്യം വീണ്ടും തിരിച്ചെത്തിയതോടെ കടുത്ത അരക്ഷിതാവസ്ഥയിലായിരിക്കുകയാണ് ഇവിടെയുള്ളവർ. അഭയം തേടിയവരെ ഇവിടെനിന്ന് പൂർണമായി നീക്കംചെയ്യാൻ ഇസ്രായേൽ ഉന്നമിടുന്നതായി ഫലസ്തീനികൾക്കിടയിലും യു.എൻ ഏജൻസികളിലും ആശങ്കകൾ ഉയർന്നിട്ടുണ്ട്. ആക്രമണത്തിനും പലായന മുന്നറിയിപ്പുകൾക്കുമിടയിൽ ആളുകൾ സങ്കൽപ്പിക്കാനാവാത്തത്രയും ഭയത്തിലാണെന്ന് ഗസ്സയിലെ റെഡ് ക്രസന്‍റ് മേധാവി അഡ്രിയാൻ സിമ്മർമാൻ പ്രസ്താവനയിൽ പറഞ്ഞു, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതും, ഭയവും, ക്ഷീണവും ഗസ്സക്കാരെ പാടേ തളർത്തിയിരിക്കുകയാണ്. ആശുപത്രികൾ മെഡിക്കൽ സേവനങ്ങൾ നൽകാൻ പാടുപെടുകയാണ്. കൂടുതൽ അപകടം നേരിടാതെ സുരക്ഷിതമായി പലായനം ചെയ്യാൻ അവർക്ക് കഴിയണം. വടക്കൻ പ്രദേശത്തെ ആരോഗ്യ സൗകര്യങ്ങൾ സംരക്ഷിക്കപ്പെടണം. അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിൽ അവർ സംരക്ഷിക്കപ്പെടണം. പരിക്കേൽക്കാതിരിക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം. കുടിയിറക്കപ്പെട്ട ഓരോ വ്യക്തിക്കും സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ അവകാശമുണ്ടെന്നും സിമ്മർമാൻ കൂട്ടിച്ചേർത്തു.

ALSO READ; ജൊനാസ് എയിഡവാൾ ആഴ്‌സണൽ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും രാജിവെച്ചു

ഇത് വരെയുള്ള ആക്രമണങ്ങളിൽ പൊലിഞ്ഞത് 42000 പലസ്തീനികളുടെ ജീവനാണ്. അതിൽ 16000 ത്തിലധികം പേർ കുട്ടികളാണ്. 98,464 പരിക്കേറ്റു. 128 മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയുടെ 66 ശതമാനം കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നടിഞ്ഞു. അതിൽ 220000 വീടുകളും ഉൾപ്പെടും. 19 ലക്ഷത്തോളം പേർ പാലായനം ചെയ്തു. 10 ദിവസത്തിലേറെയായി ജബലിയ ഇസ്രായേൽ ആക്രമണത്തി​ന്‍റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ചൊവ്വാഴ്ച മാത്രം ഗസ്സയിൽ 40 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ALSO READ; ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ വിജയം ഉണ്ടാകും: കെ രാധാകൃഷ്ണന്‍

ഗസ്സ സിറ്റിയിലെ സാബ്രയിൽ മൂന്ന് വീടുകൾ തകർത്തു. രണ്ട് മൃതദേഹങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തതായി പ്രാദേശിക സിവിൽ എമർജൻസി സർവിസ് അറിയിച്ചു. വീടുകളിലുണ്ടായിരുന്നുവെന്ന് കരുതുന്ന മറ്റ് 12 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സെൻട്രൽ ഗസ്സയിലെ നുസെറത്ത് ക്യാമ്പിൽ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൂടി മരിച്ചു. അവിടെ പ്രവർത്തിക്കുന്ന മൂന്ന് ആശുപത്രികളോട് രോഗികളെ ഒഴിപ്പിക്കാൻ സൈന്യം ഉത്തരവിട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ വർധിച്ചുവരുന്ന മരണസംഖ്യയിൽ തളർന്നിരിക്കുകയാണെങ്കിലും തങ്ങളുടെ സേവനം തുടരാൻ തീരുമാനിച്ചതായി മെഡിക്കൽ സ്റ്റാഫുകൾ പറയുന്നു. തെക്കൻ ഗസ്സയിലെ താമസക്കാരോട് വീടുവിട്ട് സുരക്ഷിത സ്ഥാനത്തേക്ക് പോകണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ഹമാസിനെ സിവിലിയന്മാരിൽനിന്ന് വേർപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒഴിപ്പിക്കൽ ഉത്തരവുകളെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, ഗസ്സയിൽ സുരക്ഷിതമായ ഒരിടവുമില്ലെന്നാണ് യു.എൻ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News