ഞായറാഴ്ച പ്രാബല്യത്തില്‍ വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 21 കുട്ടികളും 25 സ്ത്രീകളും ഉള്‍പ്പെടെ 87 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം സുരക്ഷാ മന്ത്രിസഭാ യോഗം കരാറില്‍ വോട്ടെടുപ്പ് നടത്തും.
ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍ നെതന്യാഹു സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുമെന്ന് രണ്ട് തീവ്ര വലതുപക്ഷ മന്ത്രിമാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി രണ്ടാമത്തെ പൂര്‍ണ മന്ത്രിസഭാ യോഗം നടക്കുമെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ഞായറാഴ്ച രാത്രി അവസാനിക്കുന്ന നിര്‍ബന്ധിത 24 മണിക്കൂര്‍ ഗ്രേസ് പിരീഡിനു ശേഷം മാത്രമേ കരാര്‍ അംഗീകരിക്കാന്‍ കഴിയൂ. അതിനാല്‍ പ്രതീക്ഷിച്ചതിലും വൈകിയാണ് പ്രാബല്യത്തില്‍ വരിക.
വെടിനിര്‍ത്തലിന് മുന്നോടിയായി ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ വീടിന് നേരെയുള്ള ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ നുസൈറത്ത് അഭയാര്‍ഥി ക്യാമ്പിലെ പലസ്തീനികളെ പാര്‍പ്പിച്ച കൂടാരങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ സൈന്യം ഷെല്ലാക്രമണം നടത്തി. ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ പ്രതിദിനം 15 കുട്ടികള്‍ക്ക് എന്ന തോതില്‍ യുദ്ധത്തെ തുടര്‍ന്ന് പരുക്കുകള്‍ സംഭവിക്കുന്നതായും അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന വൈകല്യങ്ങളിലേക്ക് നയിക്കുമെന്നും പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി പറഞ്ഞു.
2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 46,788 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1,10,453 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളില്‍ ഇസ്രായേലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here