കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട് ജിസിഡിഎ അന്വേഷിക്കുമെന്നും വിഷയത്തിൽ വസ്തുത മനസ്സിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നതെന്നും ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള. സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെടുത്തി ജിസിഡിഎ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്നും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെൻ്റ് അതോറിറ്റി (ജിസിഡിഎ) ചെയർമാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞു.
സ്റ്റേഡിയത്തിലെ അപകടം സംബന്ധിച്ച് ജിസിഡിഎ എക്സിക്യൂട്ടീവ് ചർച്ച ചെയ്തിട്ടുണ്ടെന്നും പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകർക്ക് വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും ചന്ദ്രൻപിള്ള പറഞ്ഞു. ഇതുസംബന്ധിച്ച് ജിസിഡിഎ അന്വേഷണം നടത്തും.
ALSO READ: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി, വെൻ്റിലേറ്ററിൽ നിന്നും മാറ്റി
അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്.എസ്. ഉഷയെ ആണ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തിട്ടുള്ളതെന്നും ചെയർമാൻ പറഞ്ഞു. ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും സംഘാടകരുമായി ഉണ്ടാക്കിയ കരാർ ഇവർ പാലിച്ചോ എന്ന് ഉറപ്പു വരുത്തുന്നതിൽ എന്തെങ്കിലും വീഴ്ച ഉണ്ടായോ എന്ന് ജിസിഡിഎ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്നും ചെയർമാൻ പറഞ്ഞു.
കായികേതര പരിപാടിയ്ക്ക് മുമ്പും സ്റ്റേഡിയം വിട്ടു നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വസ്തുത മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും ചെയർമാൻ ചന്ദ്രൻപിള്ള പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here