രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നടന്ന വിമത നീക്കത്തില്‍ നിന്ന് രക്ഷിക്കാന്‍ സഹായിച്ചെന്ന മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ വെളിപ്പെടുത്തലിന് മറുപടിയുമായി വസുന്ധര രാജെ രംഗത്ത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഗജേന്ദ്ര സിങ് ഷെഖാവത്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ തന്റെ സര്‍ക്കാരിനെ തള്ളിയിടാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ബിജെപി നേതാക്കളായ വസുന്തര രാജെ, മുന്‍നിയമസഭ സ്പീക്കര്‍ കൈലാഷ് മെഹ്വാള്‍, എം.എല്‍.എ ശോഭറാണി കുശ്വാ എന്നിവര്‍ തന്നെ രക്ഷിച്ചെന്നുമായിരിന്നു ഗെഹ്‌ലോട്ട് പറഞ്ഞത്.
ഗെഹ്‌ലോട്ട് ഉന്നയിച്ച ആരോപണങ്ങള്‍ തനിക്ക് അപമാനകരമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് വസുന്ധര രാജെയുടെ പ്രതികരണം. കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്ക് ബിജെപി പണം നല്‍കിയതിന് തെളിവുണ്ടെങ്കില്‍ അത് പുറത്ത് വിടണമെന്നും അവര്‍ വെല്ലുവിളിയുയര്‍ത്തി. അശോക് ഗെഹ്‌ലോട്ടിനെ പോലെ വേറെയാരും തന്നെ അപമാനിച്ചിട്ടില്ലെന്നും വസുന്ധര രാജെ പ്രതികരിച്ചു.
അശോക് ഗെഹ്‌ലോട്ടിന്റെ ആരോപണങ്ങള്‍ ഇങ്ങനെ:
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഗജേന്ദ്ര സിങ് ഷെഖാവത്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ തന്റെ സര്‍ക്കാരിനെ തള്ളിയിടാന്‍ ശ്രമിച്ചുവെന്നും ബിജെപി നേതാക്കളായ വസുന്ധര രാജെ, മുന്‍നിയമസഭ സ്പീക്കര്‍ കൈലാഷ് മെഹ്വാള്‍, എം.എല്‍.എ ശോഭറാണി കുശ്വാ എന്നിവര്‍ തന്നെ രക്ഷിച്ചതായും അദ്ദേഹം ആരോപിച്ചു.
രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ക്ക് ബിജെപി പണം നല്‍കി. എന്നാല്‍ സര്‍ക്കാരിനെ തള്ളിയിടാന്‍ കഴിയാതിരുന്നിട്ടും ബിജെപി ഇവരില്‍ നിന്നും പണം തിരികെ വാങ്ങത്തതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
ബിജെപി നല്‍കിയ പണം വിമതര്‍ തിരികെ നല്‍കണമെന്നും എന്നാലെ സമ്മര്‍ദ്ദമില്ലാതെ ജോലി ചെയ്യാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
വാങ്ങിയത് 10 കോടി ആയാലും 20 കോടി ആയാലും അതില്‍ ചിലവായത് താന്‍ നല്‍കാമെന്നും അല്ലെങ്കില്‍ എഐസിസി വഴി എത്തിക്കാമെന്നും മുഴുവന്‍ പണവും ബിജെപിക്ക് തിരികെ നല്‍കണമെന്ന് എംഎല്‍എമാരോട് താന്‍ ആവശ്യപ്പെട്ടതായും ഗെഹ്‌ലോട്ട് വെളിപ്പെടുത്തി.
2023 ഡിസംബറോടെ രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിക്കെതിരെയും കോണ്‍ഗ്രസിലെ വിമത എംഎല്‍എമാര്‍ക്കെതിരെയും ഗെഹ്‌ലോട്ട് ആരോപണമുന്നയിച്ചരിക്കുന്നത്. 2020 ജൂലൈയില്‍ അന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 18 എം.എല്‍.എമാരും സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും പ്രയങ്ക ഗാന്ധിയും ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും സച്ചിന്‍ പൈലറ്റിന് ഇരു സ്ഥാനങ്ങളും നഷ്ടമായിരിന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here