ജെമിനി ശങ്കരന്റെ വിയോഗം സർക്കസ് കലയ്ക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി

സർക്കസ് കുലപതിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ ജെമിനി ശങ്കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇന്ത്യൻ സർക്കസിനെ ലോകപ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജെമിനി ശങ്കരന്റെ വിയോഗം സർക്കസ് കലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്

ഇന്ത്യൻ സർക്കസിനെ ലോകപ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരൻ. ഒരേസമയം ശ്രദ്ധേയനായ സർക്കസ് കലാകാരനും തുടർന്ന് വിവിധ സർക്കസുകളുടെ ഉടമയുമായ അദ്ദേഹം ഇന്ത്യക്ക് പുറത്ത് വിവിധ സ്ഥലങ്ങളിൽ തന്റെ സർക്കസുമായി സഞ്ചരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വിവിധ പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, ലോക നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവരുമായി അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്റെ കളരിയിലൂടെ പരിശീലനം ആരംഭിച്ച അദ്ദേഹം സർക്കസിൽ കാലികമായ മാറ്റങ്ങൾ വരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിദേശ കലാകാരന്മാരെയും അവരുടെ സർക്കസ് കലകളെയും ഇന്ത്യൻ സർക്കസിൽ ഉൾപ്പെടുത്തി സർക്കസ് വികസിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. 99-ാം വയസ്സിലും ആരോഗ്യപൂർണമായി സജീവ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജെമിനി ശങ്കരനുമായി വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. പുരോഗമന രാഷ്ട്രീയത്തോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യം. ജെമിനി ശങ്കരന്റെ വിയോഗം സർക്കസ് കലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു ജമിനി ശങ്കരൻ്റെ അന്ത്യം. തലശേരിക്കടുത്ത് കൊളശേരിയിൽ കവിണിശേരി രാമൻ നായരുടെയും മൂർക്കോത്ത് കല്യാണിയമ്മയുടെയും മകനായി 1924 ജൂൺ 13ന് ജനനം. ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തലശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ മൂന്നു വർഷം സർക്കസ് പഠിച്ചു. ഇതിനിടെ പലചരക്ക്‌ കച്ചവടം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു.

1946-ൽ സർക്കസ് സ്വപ്നങ്ങളമായി തലശേരിയിൽ തിരിച്ചെത്തി. എം കെ രാമനിൽനിന്ന് തുടർപരിശീലനം നേടി. രണ്ടുവർഷത്തിനുശേഷം കൊൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷണൽ സർക്കസിൽ. ഹൊറിസോണ്ടൽ ബാർ, ഫ്ലൈയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്ന ശങ്കരൻ റെയ്മൻ സർക്കസിലും ഏറെനാൾ ജോലിചെയ്തു.

1951-ൽ വിജയ സർക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മനക്ഷത്രമായ ജെമിനി എന്നു പേരിട്ടു. 1951 ഓഗസ്റ്റ് 15-ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദർശനം. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സർക്കസിന്‌ നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News