വിദ്യാഭ്യാസ മേഖലയിലെ ലിംഗനീതി സമീപനങ്ങൾ ഏറ്റവും പുരോഗമനപരവും സാമൂഹ്യ നീതിയുടെ അടിസ്ഥാന സങ്കൽപ്പങ്ങൾക്ക് അനുസൃതവുമാകണമെന്ന് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ സെമിനാർ. സമൂഹത്തിൽ പുരോഗമനപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന യുവതലമുറയെ സ്വാധീനിക്കാൻ ശക്തിയുള്ള ആശയങ്ങൾ അടിസ്ഥാനമാക്കി പുതിയ മാതൃകകൾ കേരളം സൃഷ്ടിക്കണം. അമ്മയെ അടുക്കളയുടെ പ്രതീകമായി മാത്രം അവതരിപ്പിക്കുന്നതു പോലുള്ള പാഠപുസ്തകങ്ങളിലെ ലിംഗ പക്ഷപാതങ്ങൾ ഒഴിവാക്കണമെന്നും അന്തരാഷ്ട്ര പഠനകോൺഗ്രസിലെ ലിംഗ നീതി, ലിംഗ സമത്വ സെമിനാറുകൾ അഭിപ്രായപ്പെട്ടു.
പാഠപുസ്ത രചന സമിതി, രചയിതാക്കൾ, പുസ്തകത്തിലെ ചിത്രങ്ങൾ, ഭാഷാപ്രയോഗങ്ങൾ, ഉദാഹരണങ്ങൾ എന്നിവയെല്ലാം നിലവിലുള്ള ലിംഗഭേദം നിലനിർത്തി പോരാൻ പാകത്തിലുള്ളതാണ്. തികച്ചും അശാസ്ത്രീയമായ ഗേൾസ് സ്കൂളുകൾ ഇന്നും കേരളത്തിൽ നിലവിലുണ്ട് .അറിവിന്റെ ഉല്പാദന വിതരണ കേന്ദ്രമായി വിഭാവനം ചെയ്യപ്പടുന്ന വിദ്യാലയങ്ങൾ യാഥാസ്ഥിക സമൂഹത്തിന്റെ ജെൻഡർ മുൻവിധികളിൽ നിന്ന് വ്യത്യസ്തമായിട്ടല്ല നിലനിൽക്കുന്നത് എന്നും സെമിനാർ ചൂണ്ടിക്കാട്ടി.
ജെൻഡർ ബോധം ഉൾക്കൊള്ളുന്ന രീതിയിൽ അധ്യാപകർ നൂതന സാധ്യതകൾ പരീക്ഷിക്കണം. സമൂഹത്തിലെ പുരുഷാധിപത്യ പ്രവണതകളെ ചെറുക്കത്തക്ക രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ അധ്യാപകർക്ക് കഴിയണമെന്നും അഭിപ്രായമുയർന്നു.
അധ്യാപകർക്ക് ലിംഗാവബോധ പരിശീലനം നൽകിയും നിലനിൽക്കുന്ന ലിംഗ വിവേചനങ്ങളെ അഭിസംബോധന ചെയ്തും വിവിധ ലിംഗ വിഭാഗങ്ങളിൽ ഉള്ള കുട്ടികൾക്കിടയിൽ ആരോഗ്യപരമായ സൗഹൃദം വളർത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന നിർദേശവും അവതരിപ്പിക്കപ്പെട്ടു.
ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം, ഡോ. അമ്യത് രാജ് ആർ എം. അഡ്വ. ടി. ഗീനാകുമാരി , കെ ബദറുന്നീസ തുടങ്ങിയവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here