ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുഞ്ചിരിമട്ടം വാസയോഗ്യമല്ലെന്ന് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി. അവിടെ ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യതയുണ്ട്. അവിടെ പൊളിയാതെ അവശേഷിക്കുന്ന വീടുകളിലേക്ക് ആളുകളെ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ഏറ്റവും മുകളിലത്തെ ഭാഗമാണ് പുഞ്ചിരിമട്ടം. പുഞ്ചിരിമട്ടം മുതൽ മുണ്ടക്കൈ വരെ ഭൗമശാസ്ത്രജ്ഞരുടെ വിദഗ്ധസംഘം ഇന്ന് സന്ദർശനം നടത്തി. കൂടുതൽ വിശദമായ വിലയിരുത്തലിനായി നാളെ വീണ്ടും സന്ദർശനം നടത്തും.
രണ്ട് ദിവസം കൊണ്ട് 570 മില്ലിമീറ്ററിലധികം മഴ പെയ്തു. ഇതൊരു അസാധാരണ സംഭവമാണ്. സാധാരണ 150 മില്ലിമീറ്റർ മഴ പെയ്യുന്ന പ്രദേശമാണ് ഇത്. ഇത്രയും ശക്തമായ മഴയാണ് ഉരുൾപൊട്ടലിന് കാരണമായത്. പുഞ്ചിരിമട്ടത്ത് പുഴയോട് ചേർന്ന ഭാഗത്തെ വീടുകൾ അപകടകരമായ അവസ്ഥയിലാണ് ഇരിക്കുന്നത്. ഉരുൾ പൊട്ടി പോയ വഴികളെല്ലാം സാധാരണ ഭൂമി പോലെയാകും. എന്നാൽ അതിന് സമയമെടുക്കും. അത് വരെ അവിടെ താമസിക്കുന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്നും ജോൺ മത്തായി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here