വീട്ടുമുറ്റത്ത് കളിക്കാന്‍ എത്തിയ ബാലികമാരെ പീഡിപ്പിച്ചു; റിട്ടയേര്‍ഡ് റെയില്‍വേ പൊലീസ് ഓഫീസര്‍ക്ക് 75 വര്‍ഷം കഠിനതടവ്

അടൂര്‍ താലൂക്കില്‍ കൊടുമണ്‍ വില്ലേജില്‍ ഐക്കാട് തെങ്ങിനാല്‍ കാര്‍ത്തികയില്‍ 69 വയസ്സുള്ള സുരേന്ദ്രനെയാണ് അടൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ്  ഷിബു ഡാനിയേല്‍ കൊടുമണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി 75 വര്‍ഷം കഠിന തടവും 450,000 രൂപ പിഴയും ശിക്ഷിച്ചത്.

റെയില്‍വേ പൊലീസ് ഓഫീസര്‍ ആയിരുന്ന പ്രതി തന്റെ 3 പെണ്‍മക്കളെയും വിവാഹം കഴിപ്പിച്ച് അയച്ചശേഷം ഭാര്യയും ഒത്ത് താമസിച്ചുവന്നിരുന്ന അയ്ക്കാട്ടുള്ള വീട്ടില്‍ വച്ചാണ് പെണ്‍കുട്ടികളെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയത്. തന്റെ വീട്ടുമുറ്റത്തു കളിക്കാന്‍ എത്തിയിരുന്ന പെണ്‍കുട്ടികളെ ഓരോരുത്തരെയായി വീടിനുള്ളിലും വീടിനോട് ചേര്‍ന്നുള്ള ശുചിമുറിയിലും എത്തിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടികള്‍ തമ്മിലും പിന്നീട് ഒരാളുടെ അമ്മയോടും വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അന്നത്തെ കൊടുമണ്‍ എസ് എച്ച് ഓ ആയിരുന്ന മഹേഷ് കുമാര്‍ രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ചാര്‍ജ് ഷീറ്റുകള്‍ ഹാജരാക്കി. ഭാര്യ ഒരു മരണ വീട്ടില്‍ പോയിരുന്ന 12/9/2021 ല്‍ ഇരു കുട്ടികളെയും അതില്‍ ഒരു കുട്ടിയെ അതിനുമുന്‍പുള്ള നാലു വര്‍ഷങ്ങളായി പല ദിവസങ്ങളിലും പ്രതി പീഡനത്തിന് വിധേയരാക്കിയിരുന്നു.

ഇരു കേസുകളിലും പ്രതി പോക്‌സോ ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരവും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഒരേ കാലത്ത് തന്നെ ഇരു കേസുകളും പ്രത്യേകം പ്രത്യേകം തെളിവെടുത്ത് രണ്ടു വിധിയും ഒരേ ദിവസം തന്നെ ഉത്തരവായി എന്ന പ്രത്യേകതയും ഈ കേസുകള്‍ക്ക് ഉണ്ട്. ആദ്യ വിധിയില്‍ 25 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി 50,000 രൂപ പിഴയും അടുത്ത വിധിയില്‍ 50 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചതില്‍ പിഴ അടക്കാത്ത പക്ഷം രണ്ട് കേസിലും കൂടി 9 വര്‍ഷം കൂടി അധിക കഠിന തടവ് അനുഭവിക്കണം. ഓരോ കേസിലെയും ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണം. ഒരു കേസിലെ ശിക്ഷ അവസാനിച്ചു കഴിഞ്ഞു മാത്രമേ അടുത്ത കേസിലെ ശിക്ഷ ആരംഭിക്കും എന്നതിനാല്‍ മൊത്തം 40 വര്‍ഷം കഠിന തടവ് അനുഭവിക്കണം.

രണ്ടു കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സ്മിത ജോണ്‍ പി ഹാജരായി. മൊത്തം 26 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസി ക്യൂഷന്‍ നടപടികള്‍ വിക്ടിം ലെയ്‌സണ്‍ ഓഫീസര്‍ സ്മിത എസ് ഏകോപിപ്പിച്ചു. പിഴ തുക ഈടാകുന്ന പക്ഷം ആയത് അതിജീവിതകള്‍ക്ക് നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration