ടൂറിസം മേഖലയില്‍ ലിംഗസമത്വമുറപ്പാക്കുമെന്ന് പ്രഖ്യാപനവുമായിആഗോള ലിംഗസമത്വ-ഉത്തരവാദിത്ത വനിതാ സമ്മേളനം

IDUKKI

ടൂറിസം മേഖലയില്‍ സ്ത്രീകള്‍, ലൈംഗികന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് തുല്യമായ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായി പ്രത്യേക നയം രൂപീകരിക്കുമെന്ന് ആഗോള ലിംഗസമത്വ-ഉത്തരവാദിത്ത വനിതാ സമ്മേളനം പ്രഖ്യാപനം നടത്തി. സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതിനിധികളും ഒപ്പു വച്ച പ്രഖ്യാപനം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.

ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, ഉത്തരവാദിത്ത ടൂറിസം(ആര്‍ടി) മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍, യുഎന്‍വിമന്‍ ഇന്ത്യ മേധാവി സൂസന്‍ ഫെര്‍ഗൂസന്‍, ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍, കേരള ട്രാവല്‍ മാര്‍ട്ട് അടക്കമുള്ള ടൂറിസം വ്യവസായ സംഘടനകളുടെ പ്രതിനിധികളടക്കമാണ് പ്രഖ്യാപനരേഖയില്‍ ഒപ്പു വച്ചത്.

ALSO READ; ‘കേന്ദ്ര സർക്കാർ വയനാടിനോടും കേരളത്തോടും കാണിച്ചത് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അവഗണന,അനീതി’; എഎ റഹീം

പ്രഖ്യാപനം നടപ്പില്‍ വരുത്തുന്നതിനുള്ള ചുമതല ആര്‍ടി മിഷന്‍ സൊസൈറ്റിയ്ക്കാണ്. ഇതിനുള്ള മാര്‍ഗരേഖ ഉടന്‍ തന്നെ ക്രോഡീകരിക്കും. അതിഥിയുടെയും ആതിഥേയന്‍റെയും താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടായിരിക്കും ഇത് നടപ്പാക്കുന്നതെന്നും പ്രഖ്യാപനത്തില്‍ എടുത്തു പറയുന്നുണ്ട്.

ലിംഗനീതിയും സമത്വവും ഉറപ്പാക്കുന്നതിന് വേണ്ടി മൂന്നിന മൂല്യങ്ങളും നാല് കര്‍മ്മപദ്ധതിയുമാണ് പ്രഖ്യാപനത്തിലുള്ളത്. പങ്കാളിത്തവും ലിംഗസമത്വവും എന്ന പ്രമേയത്തില്‍ ഒമ്പത് നിര്‍ദ്ദേശങ്ങളുണ്ട്. സ്ത്രീകള്‍, ലൈംഗികന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് ടൂറിസം മേഖലയില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി നയം രൂപീകരിക്കാനായി ശ്രമം നടത്തും. ടൂറിസം വ്യവസായത്തില്‍ നേതൃസ്ഥാനം, തീരുമാനങ്ങളെടുക്കല്‍ എന്നിവയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും.

സംരംഭങ്ങള്‍ നടത്തുന്നതിനും ബിസിനസ് മാനേജ്മന്‍റിനുമായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. തൊഴിലിടങ്ങളിലും ടൂറിസം മേഖലയിലും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ദ്രുതകര്‍മ്മ പദ്ധതി നടപ്പാക്കും. മികച്ച ശൗചാലയ സംവിധാനം ഏര്‍പ്പെടുത്തും. ലിംഗനീതി ഉറപ്പാക്കി കരാര്‍ ജോലിയിലുള്‍പ്പെടെ തുല്യവേതനം നടപ്പാക്കും. ടൂറിസത്തില്‍ സ്ത്രീകളെ സംബന്ധിച്ച പൊതുധാരണകള്‍ മാറ്റുന്നിനായി വിവിധ മാധ്യമങ്ങള്‍ വഴി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

പരിസ്ഥിതി സംരക്ഷണത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്കിന് അംഗീകാരം നല്‍കും. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം ശീലങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സുസ്ഥിര ടൂറിസം ശീലങ്ങള്‍ നടപ്പാക്കുന്ന വനിതാ സംരംഭകര്‍ക്ക് പ്രത്യേക പ്രചാരം നല്‍കും. ടൂറിസം വികസനത്തിലൂടെ പ്രാദേശിക സംസ്ക്കാരം നിലനിറുത്തുകയും സാംസ്ക്കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുമെന്നും ഉറപ്പ് വരുത്തും. വനിതാ സംരംഭകര്‍ക്ക് ഹ്രസ്വ-ചെറുകിട-ഇടത്തരം വായ്പകള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും സാമ്പത്തികമായി തുല്യത ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് പ്രഖ്യാപനത്തില്‍ രേഖപ്പെടുത്തി.

ടൂറിസം പദ്ധതിരേഖയില്‍ ലിംഗസമത്വം ഉറപ്പുവരുത്തുകയും സ്ത്രീസൗഹൃദ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. സ്ത്രീസൗഹൃദവും ലിംഗസമത്വവും ടൂറിസം മേഖലയിലെ എല്ലാ പങ്കാളികളും നടപ്പില്‍ വരുത്താനായി സഹകരണം നടത്തും. ലിംഗസമത്വവും സ്ത്രീസൗഹൃദ നടപടികളും കൃത്യമായ ഇടവേളകളില്‍ മേല്‍നോട്ടം നടത്താനും വിലയിരുത്താനുമുള്ള സംവിധാനം കൊണ്ടു വരും. ടൂറിസത്തില്‍ സ്ത്രീയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നയരൂപീകരണം നടത്തുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News