പട്ടിണി സൂചികയിൽ ഇന്ത്യ 105ആം സ്ഥാനത്ത്; പാകിസ്ഥാൻ നമുക്ക് പിന്നിലാണെന്ന് ബിജെപിയ്ക്ക് വേണമെങ്കിൽ ആശ്വസിക്കാമെന്ന് ഡോ. തോമസ് ഐസക്

thomas-isaac

പട്ടിണി സൂചികയിൽ ഇന്ത്യ താഴത്തു തന്നെ. 127 രാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് 105-ാമത്തേതാണ്. 2016-ൽ 104 രാജ്യങ്ങളുടെ കണക്കുകളാണ് പരിശോധിച്ചത്. അപ്പോൾ ഇന്ത്യയുടെ റാങ്ക് 80 ആയിരുന്നു. അതിനുശേഷം 2024 ആയപ്പോഴേക്കും 23 രാജ്യങ്ങൾകൂടി പരിഗണനയിൽ വന്നു. അവയൊക്കെ ചെറിയ അവികസിത രാജ്യങ്ങളാണ്. പക്ഷേ, അതുകൊണ്ടൊന്നും ഇന്ത്യ രക്ഷപ്പെട്ടില്ല. ഇന്ത്യയുടെ സ്ഥാനം 105-ാമതായി താഴുകയാണ് ചെയ്തത്. പാകിസ്ഥാൻ നമുക്ക് പിന്നിലാണെന്ന് ബിജെപിയ്ക്ക് വേണമെങ്കിൽ ആശ്വസിക്കാമെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

ബിജെപി സർക്കാരിനെ പട്ടിണി സൂചിക എല്ലാവർഷവും ക്ഷുഭിതരാക്കുക പതിവാണെന്ന് ഐസക് പറഞ്ഞു. ഇന്ത്യാ സർക്കാർ വർദ്ധിക്കുന്ന പ്രതിശീർഷ വരുമാനവും സൗജന്യ ധാന്യ വിതരണവുമെല്ലാമാണ് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, പട്ടിണി അളക്കാൻ അന്തർദേശീയ ഏജൻസി ഇവയൊന്നുമല്ല ആധാരമാക്കുന്നത്. നാല് ഘടകങ്ങളാണ് പട്ടിണി സൂചിക തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ആവശ്യത്തിന് പോഷകാഹാരവും ഭക്ഷണവും ലഭിക്കാതിരുന്നാൽ കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള ഉയരമുണ്ടാകില്ല (ഇതിനെയാണ് Child Stunting എന്നു വിളിക്കുന്നത്). അതല്ലെങ്കിൽ ഉയരത്തിനനുസരിച്ച് തൂക്കമുണ്ടാവില്ല (ഇതിനെയാണ് Child Wasting എന്നു വിളിക്കുന്നത്). ഇതിന് രണ്ടിനോടുമൊപ്പം പോഷകാഹാര കുറവും ശിശുമരണ നിരക്കും കണക്ക് കൂട്ടിക്കൊണ്ടാണ് പട്ടിണി സൂചികയിലെ സ്കോറുകൾ നിർണ്ണയിക്കുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

പോഷകാഹാര കുറവും കുട്ടികളുടെ Stunting-ഉം Wasting-ഉം ആധാരമാക്കുന്നത് ഇന്ത്യാ സർക്കാർ നടത്തുന്ന കുടുംബാരോഗ്യ സർവ്വേ വഴിയാണ്. കലിപൂണ്ട കേന്ദ്ര സർക്കാർ ഇതിനു നിയോഗിക്കപ്പെട്ട ഇന്ത്യാ ഇന്റർനാഷണൽ പോപ്പുലേഷൻ സെന്ററിന്റെ ഡയറക്ടർ പ്രൊഫ. കെ.എസ്. ജെയിംസിനെ പുറത്താക്കിയത് വലിയ വിവാദമായത് ഓർക്കുമല്ലോ. പക്ഷേ, അതുകൊണ്ടൊന്നും ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടില്ല.

എന്തുകൊണ്ട് കുട്ടികളുടെ ആരോഗ്യനില മാത്രം പരിഗണിക്കുന്നു? പട്ടിണിയുടെ പ്രത്യാഘാതങ്ങൾ ഏറ്റവും വ്യക്തമായി തെളിയുക കുട്ടികളിലാണ്. കുട്ടികളുടെ ആരോഗ്യം പട്ടിണിയുടെ ഒരു ബാരോ മീറ്ററാണെന്നു പറയാം. അഞ്ച് കിലോ അരി സൗജന്യമായി നൽകിയതുകൊണ്ട് പോഷകാഹാര കുറവ് ഇല്ലാതാകുന്നില്ല. സമീകൃതാഹാരം വേണം. അത് ഇന്ത്യയിലെ ഭൂരിപക്ഷം കുട്ടികൾക്കും ലഭിക്കുന്നില്ല.
ഇന്ത്യയിൽ 18.7 ശതമാനം കുട്ടികൾക്ക് ഉയരത്തിനനുസരിച്ചുള്ള തൂക്കമില്ല. അഥവാ 18.7 ശതമാനം കുട്ടികൾ Wasted ആണ്. ഇത് ലോകരാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണ്. അതുപോലെ തന്നെ 35.5 ശതമാനം കുട്ടികൾക്ക് പ്രായത്തിനനുസരിച്ച് ഉയരമില്ല. 13.7 ശതമാനം കുട്ടികൾക്ക് പോഷകാഹാര കുറവുണ്ട്. ഇവ രണ്ടും ലോകരാജ്യങ്ങളിൽ വളരെ ഉയർന്നതാണെന്ന് തോമസ് ഐസക് വ്യക്തമാക്കുന്നു.

പറയുമ്പോൾ ഉള്ളത് പറയണമല്ലോ. ഇന്ത്യയുടെ സ്കോർ കാർഡ് താഴേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു എന്നതല്ല വാദം. 2016-ൽ ഇന്ത്യയുടെ സ്കോർ 35.2 ആയിരുന്നു. അതിപ്പോൾ 38.4 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ ഏറ്റവും വലിയ സംഭാവന 5 വയസിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 2.9 ശതമാനമായി താഴ്തന്നതാണ്. ഈ പുരോഗതി ഉണ്ടെങ്കിലും മറ്റു അവികസിത രാജ്യങ്ങളിൽ ഉണ്ടായ പുരോഗതി ഇന്ത്യയെക്കേൾ മെച്ചപ്പെട്ടതാണ്. അതുകൊണ്ടാണ് നമ്മുടെ ലോക റാങ്ക് താഴുന്നത്.

ഇന്ത്യ അഞ്ചാമത് ലോക സാമ്പത്തിക ശക്തിയാണെന്നു വീമ്പിളക്കിയിട്ടു കാര്യമില്ല. നാട്ടുകാരുടെ വിശപ്പ് അതുകൊണ്ട് അടങ്ങില്ല. പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 105-ാമതാണെന്ന് തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News