ലോകത്തിൻറെ ആണവ ആവനാഴിയിൽ പതിമൂവായിരത്തോളം പോർമുനകൾ ഉണ്ടെന്ന് കണക്കുകൾ

ലോകത്തിൻറെ ആണവ ആവനാഴിയിൽ 13000ത്തോളം പോർമുനകൾ ഉണ്ടെന്ന് കണക്കുകൾ. ആണവായുധങ്ങളുടെ എണ്ണത്തിൽ റഷ്യയും അമേരിക്കയും ചൈനയുമാണ് മുന്നിൽ തുടരുന്നത്. സ്റ്റോക്ഹോം ഇൻറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഈ വർഷത്തെ ഇയർബുക്കാണ് ആണവ ഭീതി പങ്കുവയ്ക്കുന്നത്.

4477 ആണവ പോർമുനകളുമായി റഷ്യയും 3708 ആണവായുധങ്ങളുമായി അമേരിക്കയും മുന്നിൽ നിൽക്കുന്ന ഒമ്പത് രാജ്യങ്ങളുടെ ആണവകണക്കിൽ ചൈനയും പാക്കിസ്ഥാനും ഇന്ത്യയുമെല്ലാം മുന്നിൽ തന്നെയുണ്ട്. റഷ്യ- യുക്രൈൻ പോരിൽ പരസ്പരം എതിരെ നിൽക്കുന്ന നാറ്റോയും റഷ്യയുമാണ് ആണവ ശക്തിയിലും കരുത്തർ. യുക്രൈൻ യുദ്ധം ആണവ യുദ്ധത്തിലേക്ക് വഴിമാറിയാൽ ലോകത്തിലെ 98 ശതമാനം ആണവായുധങ്ങളും പരസ്പരം ലക്ഷ്യങ്ങൾ ഉറപ്പിച്ച് തയ്യാറാക്കി നിർത്തുമെന്ന് ഉറപ്പാണ്.

ആണവയുദ്ധം ഒരിക്കലും വിജയിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ആണവായുധങ്ങൾ ഒരിക്കലും യുദ്ധത്തിൽ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തവരുമാണ് ഐക്യരാഷ്ട്രസഭയുടെ സ്ഥിരാംഗങ്ങൾ. എന്നാൽ ഈ രാജ്യങ്ങളെല്ലാം ആണവപോർമുന വികസിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള നീക്കത്തിലാണ്. 195 ആണവായുധങ്ങളിൽ 120-ഉം ഉപയോഗിക്കാൻ തയാറാക്കി നിർത്തിയിട്ടുള്ള ബ്രിട്ടൻ റഷ്യക്കും ചൈനയ്ക്കും ആണവായുധ സുതാര്യത ഇല്ലെന്നാണ് വിമർശനം ഉയർത്തുന്നത്. എത്ര ആണവായുധങ്ങൾ ഉണ്ടെന്ന ഔദ്യോഗിക കണക്ക് പുറത്തുവിടുന്നത് അവസാനിപ്പിക്കാനും ബ്രിട്ടൻ തീരുമാനിച്ചിട്ടുണ്ട്.

യുക്രൈനുമായി യുദ്ധം തുടരുമ്പോൾ റഷ്യൻ ആണവായുധങ്ങളുടെ പരിശോധന നിർബന്ധമായും വേണമെന്നാണ് പാശ്ചാത്യ രാഷ്ട്രങ്ങളുടെ ആവശ്യം. അമേരിക്കയുടെ കയ്യിലുള്ള ആണവായുധങ്ങളുടെ കണക്കുപിശക് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. ആണവായുധം ഇല്ലെന്ന് പരസ്യം പറയുന്ന ഇസ്രായേലും രഹസ്യമായി ആയുധം സൂക്ഷിക്കുന്നുണ്ട് എന്നാണ് സൂചന. പക്ഷേ ഇതേ പാശ്ചാത്യ സഖ്യത്തിൻ്റെ നിർബന്ധത്തിൽ സൗത്ത് ആഫ്രിക്ക ആണവായുധവും ഇറാഖ് ആണവായുധത്തിന് വേണ്ടിയുള്ള പരീക്ഷണവും അവസാനിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News