കൊച്ചിയെ പരിപൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും: മന്ത്രി എം ബി രാജേഷ്

കൊച്ചിയെ പരിപൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എം ബി രാജേഷ്. കൊച്ചിയില്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം ഉള്‍പ്പെടെ പലതും നടക്കുമെന്ന് തെളിയിച്ചു. ആ മാറ്റം ചില വസ്തുതകളിലൂടെയും കണക്കുകളിലൂടെയും ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി.

ALSO READ:ആറ് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

‘എനിക്ക് ശ്വാസം കിട്ടുന്നില്ല…..’
കൊച്ചിയിലെ ബ്രഹ്‌മപുരത്ത് തീപിടിച്ചപ്പോള്‍ ഉച്ചത്തില്‍ ഉയര്‍ന്ന മുറവിളിയായിരുന്നു ഇത്. ആളിക്കത്തിയ തീ അണക്കാന്‍ 12 ദിവസം വേണ്ടി വന്നു. മാര്‍ച്ച് 12 നാണ് ഈ തീ പൂര്‍ണ്ണമായും അണയ്ക്കാനായത്. രൂക്ഷമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉണ്ടായി. പലരും കൊച്ചി വിട്ടു പോവുകയാണെന്ന് ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയമുണ്ടായി
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എന്താണുണ്ടായ മാറ്റം?

2023 മാര്‍ച്ച് 10നാണ് ഞാനും വ്യവസായ മന്ത്രിയും ചേര്‍ന്ന് ജനപ്രതിനിധികളടക്കമുള്ള ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്തത്. കൊച്ചിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മപരിപാടി അവിടെ പ്രഖ്യാപിച്ചു. ശക്തമായ എതിര്‍പ്പും സംശയങ്ങളുമൊക്കെയു ണ്ടായി. ‘ഇത് കൊച്ചിയാണ് പാലക്കാട് അല്ല മന്ത്രി പറയുന്നത് ഒന്നും ഇവിടെ നടപ്പാക്കാനാവില്ല’ ഒരു ജനപ്രതിനിധി രോഷത്തോടെ പ്രതികരിച്ചു. ‘എങ്ങനെയാണ് ഇത് നടപ്പാക്കേണ്ടത് എന്ന വ്യക്തമായ ധാരണ സര്‍ക്കാരിനുണ്ട്’ എന്ന് സംയമനത്തോടെ മറുപടി പറഞ്ഞു. തുടര്‍ന്ന് ഒരാഴ്ച ഞാന്‍ കൊച്ചിയില്‍ താമസിച്ച് മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ഒപ്പം വാര്‍ഡ് തലത്തില്‍ ജനങ്ങളുടെ യോഗം വിളിച്ചു.ഞങ്ങള്‍ ആയിരക്കണക്കിനാളുകളുമായി നേരിട്ട് സംസാരിച്ചു. സംഘടനകളുമായും സംസാരിച്ചു. അതിനുശേഷം തുടര്‍ച്ചയായി എല്ലാ ആഴ്ചയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. പതുക്കെ മാറ്റങ്ങള്‍ വന്നു തുടങ്ങി. കൊച്ചിയില്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം ഉള്‍പ്പെടെ പലതും നടക്കുമെന്ന് തെളിയിച്ചു. ആ മാറ്റം ചില വസ്തുതകളിലൂടെയും കണക്കുകളിലൂടെയും ചുരുക്കി പറയട്ടെ.

1. അന്ന് പ്രഖ്യാപിച്ച, 150 ടണ്‍ മാലിന്യം സംസ്‌കരിച്ച് കംപ്രസ്സഡ് ബയോഗ്യാസ് (CBG ) ഉത്പാദിപ്പിക്കുന്ന ബിപിസിഎല്ലിന്റെ 100 കോടിയുടെ പ്ലാന്റ് ടെന്‍ഡര്‍ ഘട്ടത്തില്‍ എത്തി. ഉടന്‍ നിര്‍മ്മാണം ആരംഭിക്കും. 18 മാസം കൊണ്ട് ആ വന്‍കിട പ്ലാന്റ് യാഥാര്‍ത്ഥ്യമാകും.

2. ഒരു വര്‍ഷത്തിനുള്ളില്‍ കൊച്ചി നഗരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ 93.71 ശതമാനവും ശേഖരിക്കുന്ന വിധം മാലിന്യ ശേഖരണ സംവിധാനം ഒരുക്കാനായി. അതായത് 366.46 ടണ്‍ മാലിന്യത്തില്‍ 343.43 ടണ്ണും ഇന്ന് ശേഖരിക്കാനാകുന്നു. നേരത്തെ ഇത്രയും മാലിന്യം തെരുവിലും ബ്രഹ്‌മപുരത്തും തള്ളു കയായിരുന്നുവെങ്കില്‍ അതാണിപ്പോള്‍ ഇല്ലാതായത്.

3. ഒരു വര്‍ഷം മുമ്പ് ഹരിതകര്‍മ്മ സേനയേ കൊച്ചിയിലുണ്ടായിരുന്നില്ല. 794 ഹരിത കര്‍മ്മ സേനാംഗങ്ങളെ ഒരു വര്‍ഷം കൊണ്ട് പരിശീലനം നല്‍കി രംഗത്തിറക്കിയതിലൂടെയാണ് 93% മാലിന്യം ശേഖരിക്കാന്‍ കഴിഞ്ഞത്

4. ഒരു വാഹനവുമില്ലാത്തിരുന്നിടത്ത് ഇന്ന് ഹരിത കര്‍മ്മ സേനയുടെ 120 വാഹനങ്ങള്‍ മാലിന്യ നീക്കത്തിനായി കൊച്ചിയിലുണ്ട്

5. ഒരൊറ്റ പാഴ് വസ്തു സംഭരണ കേന്ദ്രവും (MCF) ഒരു വര്‍ഷം മുമ്പ് കൊച്ചിയില്‍ ഉണ്ടായിരുന്നില്ല. സ്ഥലം ലഭിക്കാന്‍ പ്രയാസമാണ് എന്നായിരുന്നു വാദം. അതിനു പരിഹാരമായി കണ്ടെയ്‌നര്‍ എം സി എഫ് എന്ന ആശയം വിജയകരമായി നടപ്പിലാക്കി. ഇപ്പോള്‍ 24 കണ്ടെയ്‌നര്‍ എം സി എഫില്‍ ആയി 720 ടണ്‍ അജൈവ മാലിനും സംഭരിക്കുന്നു. നേരത്തെ ഇതെല്ലാം തെരുവിലേക്കോ ബ്രഹ്‌മപുരത്തേക്കോ തള്ളുകയായിരുന്നു പതിവ്. മാര്‍ച്ചോടുകൂടി 56 കണ്ടെയ്‌നര്‍ എം സി എഫ് കൂടി നിലവില്‍ വരും.

6. പ്രതിദിനം രണ്ട് ടണ്‍ സാനിറ്ററി മാലിന്യം രണ്ട് ഏജന്‍സികളിലൂടെ ശേഖരിച്ച് കെല്ലിന് കൈമാറി സംസ്‌കരിക്കുന്നു. ഇതിനുപുറമേ മൂന്ന് ടണ്ണിന്റെ മറ്റൊരു പ്ലാന്റ് ബ്രഹ്‌മപുരത്ത് ഉടന്‍ നിര്‍മ്മാണം ആരംഭിക്കും.

7. 4 ആര്‍ ആര്‍ എഫുകള്‍ സ്ഥാപിച്ചു കഴിഞ്ഞു രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം നടന്നുവരുന്നു.

8. 40 ടണ്‍ ജൈവമാലിനും പ്രതിദിനം സംസ്‌കരിക്കുന്ന 6 തുമ്പൂര്‍മുഴി പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നു. 50 ടണ്ണിന്റെ രണ്ട് പ്ലാന്റുകള്‍ വേറെയും ബ്രഹ്‌മപുരത്ത് പൂര്‍ത്തിയായിട്ടുണ്ട്.

9. രണ്ട് കോംപാക്ടറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 15 എണ്ണം കൂടി ഈ മാസം പ്രവര്‍ത്തിച്ചു തുടങ്ങും.

10. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാതിരിക്കാന്‍ 56 ബോട്ടില്‍ ബൂത്തുകള്‍ ഒരു വര്‍ഷത്തിനകം സ്ഥാപിച്ചു.

11. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സക്ഷന്‍ കം ജെറ്റിങ് മെഷീന്‍ ഇപ്പോള്‍ ഒന്ന് പ്രവര്‍ത്തിക്കുന്നു രണ്ടെണ്ണം കൂടി ഈ മാസം ലഭ്യമാക്കും.

12. ഇതിന് പുറമെ രണ്ട് റോഡ് സ്വീപ്പിങ് മെഷീനുകള്‍,സ്വാപ്‌ഷോപ്പ്, 2000 വീടുകളില്‍ ബയോബിന്‍ എന്നിവയും ഒരു വര്‍ഷത്തിനുള്ളിലുണ്ടായതാണ്.
ഇത്രയും കാര്യങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചതാണ്. തീയും പുകയും അടങ്ങിയപ്പോള്‍ മാധ്യമങ്ങളും പ്രതിപക്ഷവും പിന്‍വാങ്ങിയെങ്കിലും സര്‍ക്കാരും കോര്‍പ്പറേഷനും പിന്‍വാങ്ങിയില്ല എന്നര്‍ത്ഥം. എല്ലാം തികഞ്ഞു എന്നൊന്നുമല്ല അവകാശവാദം. ഇത്രയൊക്കെ മാറ്റം വരുത്തി എന്ന് ഓര്‍മ്മിപ്പിക്കുക മാത്രം; ഇനിയും ഏറെ മാറാനുണ്ടെന്ന് അംഗീകരിക്കുന്നു.പക്ഷേ, ഈ അനുഭവത്തില്‍ നിന്ന് ആത്മവിശ്വാസത്തോടെ പറയാനാവും-കൊച്ചിയെ പരിപൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും.

ALSO READ:ഐപിഎല്ലില്‍ ‘ബന്ധാനി’ ജേഴ്സിയുമായി രാജസ്ഥാന്‍; കാരണം ഇതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News