ഗോധ്രാ തീവെയ്പ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട എട്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്രാ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രീം കോടതി. ജീവപര്യന്തം തടവിന് ശിക്ഷിച്ച എട്ട് പ്രതികള്‍ക്കാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. 20 പ്രതികളെ ജീവപര്യന്തത്തിന് ശിക്ഷിച്ച വിചാരണ കോടതിയുടെ ഉത്തരവ് നേരത്തെ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചിരുന്നു. കുറ്റകൃത്യത്തിലെ പങ്കും തടവ് കാലയളവും കണക്കിലെടുത്താണ് എട്ട് പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികളുടെ ജാമ്യവ്യവസ്ഥ വിചാരണക്കോടതി തീരുമാനിക്കും.

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തില്ല. എന്നാല്‍ മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ തുഷാര്‍ മേത്ത ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ ഇവരുടെ പങ്ക് കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്നായിരുന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം. ഈ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു

പ്രതികള്‍ 17 വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഈ വാദം പരിഗണിച്ച് എട്ടുപ്രതികള്‍ക്ക് ജാമ്യം കോടതി ജാമ്യം നല്‍കിയെങ്കിലും ബാക്കിയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

2002ല്‍ നടന്ന ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പ്രതികളായ 31 പേരുടെ ജാമ്യഹര്‍ജികളാണ് വെള്ളിയാഴ്ച കോടതിക്കു മുന്നിലെത്തിയത്. ശിക്ഷക്കെതിരെ ഇവര്‍ നല്‍കിയ ഹര്‍ജി 2018 മുതല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ നരോദ ഗാം കൂട്ടക്കൊലക്കേസിലെ എല്ലാ പ്രതികളെയും വ്യാഴാഴ്ച ഗുജറാത്തിലെ പ്രത്യേക കോടതി വെറുതെവിട്ടിരുന്നു. മുന്‍ ബിജെപി മന്ത്രി മായാ കോട്‌നാനി ഉള്‍പ്പെടെയുള്ളവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. മുന്‍ വിഎച്ച്പി നേതാവ് ജയദീപ് പട്ടേല്‍, മുന്‍ ബജ്രങ്ദള്‍ നേതാവ് ബാബു ബജ്രങ്കി എന്നിവരും അഹമ്മദാബാദിലെ പ്രത്യേക കോടതി വെറുതെവിട്ടവരില്‍ ഉള്‍പ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News