മുഹമ്മദൻ സ്പോർട്ടിംഗിനെ തകർത്ത് ഹീറോ സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേയ്ക്ക് യോഗ്യത നേടി ഗോകുലം കേരള എഫ്.സി

ഹീറോ സൂപ്പർ കപ്പ്‌ യോഗ്യതാ മത്സരത്തിൽ മുഹമ്മദൻ സ്പോർട്ടിംഗിനെ 5-2ന് തകർത്ത് ഗോകുലം കേരള എഫ്.സി. ഇതോടെ ഗോകുലം സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടങ്ങളിലേക്ക് യോഗ്യത നേടി. എടികെ മോഹൻബഗാൻ, എഫ് സി ഗോവ, ജാംഷെഡ്പൂർ എഫ് സി എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഗോകുലം കേരള എഫ് സി ഇടം പിടിച്ചിരിക്കുന്നത്. ഏപ്രിൽ 10ന് എടികെ ബാഗാനെതിരെയാണ് സൂപ്പർകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഗോകുലം എഫ് സിയുടെ ആദ്യ മത്സരം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. യോഗ്യതാ മത്സരത്തിൽ മുഹമ്മദൻ സ്പോർട്ടിംഗിനെതിരെ മികച്ച വിജയം നേടാനായത് ഗ്രൂപ്പ് ഘട്ടത്തിൽ ഗോകുലത്തിന്റെ ആത്മവിശ്വാസം ഉയർത്തും.

പയ്യനാട് സ്റ്റേഡിയത്തിൽ യോഗ്യത മത്സരത്തിനിറങ്ങിയ ഗോകുലത്തിന് വേണ്ടി
പത്താം മിനുട്ടിൽ തന്നെ ജൂലിയൻ ഒമാർ റാമോസ് ഗോൾ നേടി. മുഹമ്മദൻസിന്റെ പ്രതിരോധ താരം രുവാക്കിമയെ കബളിപ്പിച്ച് ഡ്രിബിൾ ചെയ്ത് കയറി ഗ്രൗണ്ട് ഷോട്ടിലൂടെയായിരുന്നു ജൂലിയന്റെ തകർപ്പൻ ഗോൾ. 26-ാം മിനുട്ടിൽ അബിയോള ഡൗവുദയിലൂടെ നമ്പർ മുഹമ്മദൻസ് സമനില ഗോൾ നേടി. ഗോളടിക്കാനുള്ള അവസരങ്ങൾ പിന്നീടും ഇരുടീമുകളും സൃഷ്ടിച്ചെങ്കിലും ഒന്നാം പകുതിയിൽ സമനില പൂട്ട് പൊട്ടിക്കാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോകുലം എഫ്.സി മുന്നിലെത്തി. 46-ാം മിനുട്ടിൽ സൗരവായിരുന്ന ഗോകുലത്തെ മുന്നിലെത്തിച്ച ഗോൾ നേടിയത്.
രണ്ടു മിനുട്ടുകൾക്കകം മുഹമ്മദൻസിന്റെ അബിയോള ഗോൾ മടക്കി.
64-ാം മിനുട്ടിൽ മധ്യ നിരയിൽ നിന്നും മുഹമ്മദൻസിന്റെ നാലോളം താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്സിന്റെ വലത് മൂലയിൽനിന്ന് ഫർഷദ്നൂറിന്റെ തൊടുത്ത ഒരു മനോഹര ഗോളിലൂടെ ഗോകുലം വീണ്ടും ലീഡെടുത്തു. 78-ാം മിനുട്ടിൽ ഗോകുലം നാലമത്തെ ഗോളും സ്കോർ ചെയ്തു. താഹിർ സമാൻ ഗോകുലത്തിന് വേണ്ടി വല കുലുക്കിയത്. കളി തീരാൻ മിനുട്ടുകൾ ശേഷിക്കെ 85-ാം മിനുട്ടിൽ അബ്ദുൽ ഹക്കു ബോക്സിലെ കൂട്ടപൊരിച്ചിലിനിടയിൽ പന്ത് വലയിലാക്കി ഗോകുലത്തിന്റെ ഗോൾ നേട്ടം അഞ്ചാക്കി.

സൂപ്പർ കപ്പ് യോഗ്യത റൗണ്ടിലെ ഏറ്റവും മികച്ച മത്സരവും ആവേശവും നിറഞ്ഞ മത്സരത്തിൽ ആധികാരിക വിജയത്തോടെ ഗോകുലം സൂപ്പർ കപ്പിലേക്ക് മാർച്ച് ചെയ്തു. ഇതോടെ ഹീറോ സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിൽ രണ്ട് കേരള ക്ലബുകൾ കളിക്കുമെന്ന് ഉറപ്പായി. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. ബംഗളൂരു എഫ് സി, റൗണ്ട്ഗ്ലാസ് പഞ്ചാബ്, ശ്രീനിധി ഡെക്കാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News