ലോകം മുഴുവന്‍ പായ് വഞ്ചിയില്‍ ചുറ്റിക്കറങ്ങി ഇന്ത്യന്‍ അഭിമാനം അഭിലാഷ് ടോമി ഇന്ന് ( 29.04.2023) തീരമണയും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച ഗോള്‍ഡണ്‍ ഗ്ലോബ് റെയ്‌സില്‍ രണ്ടാം സ്ഥാനക്കാരനായാകും അഭിലാഷ് ടോമിയുടെ നേട്ടം. ലോകചരിത്രത്തില്‍ ആദ്യമായി പായ് വഞ്ചിയോട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ വനിതയായ കിര്‍സ്റ്റന്‍ നോയ്ഷെഫര്‍ ഇന്നലെ തന്നെ തീരം തൊട്ടിരുന്നു. ഇന്ന് വൈകീട്ട് ഏഴരയോടെ അഭിലാഷ് ലക്ഷ്യസ്ഥാനമായ ഫ്രാന്‍സിലെ സാബ്ലെ ദലോണ്‍ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷ.
നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു കടല്‍ മത്സരത്തില്‍ ജീവന്‍ ജയിപ്പിച്ച കഥ പറയാനുണ്ട് അഭിലാഷ് ടോമിക്ക്. കടല്‍നടുക്കില്‍ കുടുങ്ങി, നട്ടെല്ല് തകര്‍ന്ന്, ഭക്ഷണമില്ലാതെ കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത് തിരകളില്‍ കലങ്ങിമറിയാത്ത ആത്മബലം ഒന്ന് കൊണ്ട് മാത്രം. കടല്‍ വീണ്ടും മാടിവിളിച്ചപ്പോള്‍ ഒടിഞ്ഞ കശേരുക്കള്‍ തുന്നിച്ചേര്‍ത്ത് ബയാനത് എന്ന യുഎഇ സ്‌പോണ്‍സെഡ് പായ് വഞ്ചിയില്‍ വീണ്ടും പിടച്ചുകയറി.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിലെ സാബ്ലെ ദലോണ്‍ തുറമുഖത്തു നിന്ന് ആരംഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചിയോട്ടത്തില്‍ മഹാസമുദ്രങ്ങളും 48,000 കിലോമീറ്റര്‍ 236 ദിവസങ്ങളും കീഴടക്കി മലയാളിയായ അഭിലാഷ് ടോമി ഇന്ന് വൈകീട്ട് തീരം തൊടും. വടക്കുനോക്കിയന്ത്രവും ഭൂപടവും മാത്രം വഴികാട്ടിയ യാത്രയില്‍ ഇതാദ്യമായാണ് ഇന്ത്യക്കാരന്‍ മത്സരിച്ച് വിജയിക്കുന്നത്. തുടങ്ങുമ്പോള്‍ ആകെ ഉണ്ടായിരുന്ന 16 പേരില്‍ ഒരാള്‍ മാത്രമായിരുന്നു വനിതാ സ്ഥാനാര്‍ത്ഥി. പൂര്‍ണ്ണമായി യാത്ര പൂര്‍ത്തിയാക്കാന്‍ സാധ്യതയുള്ള മൂന്നേ മൂന്ന് പേരില്‍ അതേ ഒരേയൊരു വനിത ആദ്യം തന്നെ കര തൊട്ടുകഴിഞ്ഞിരിക്കുന്നു. സൗത്താഫ്രിക്കക്കാരിയായ കിര്‍സ്റ്റന്‍ നോയ്ഷെഫര്‍. ഓസ്ട്രിയയുടെ മൈക്കൽ ഗുഗൻ മൂന്നാമനാകും.
ലോകത്തിലെ ഏറ്റവും കടുത്ത മത്സരങ്ങളില്‍ ഒന്നായ ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സില്‍ കടുത്ത പ്രതിബന്ധങ്ങള്‍ നിരവധി എണ്ണം മറികടന്നാകും മത്സരാര്‍ത്ഥികളുടെ വിജയനേട്ടം. കാറ്റില്ലാത്ത കടല്‍ക്കാലമായ ഡോള്‍ഡ്രമും സഹമത്സരാര്‍ത്ഥികളുടെ അപകടവും രക്ഷാപ്രവര്‍ത്തനവുമൊക്കെ അനുഭവഖനികളായി. വിജയവഴിയില്‍ തോല്‍പ്പിച്ച ചിലിയിലെ കേപ്‌ഹോണ്‍ മുനമ്പും മറ്റ് പ്രകൃതി പ്രതിഭാസങ്ങളുമുണ്ട്. ലോകത്തില്‍ ഏറ്റവും ധൈര്യമുള്ളവര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ജയിക്കുന്ന മൂന്നേമൂന്ന് പേരില്‍ ഒരാളാകാന്‍ അഭിലാഷിന് കഴിയുന്നതില്‍ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here