മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ. മുംബൈയിലെ നിർണായക യോഗങ്ങൾ റദ്ദാക്കി ജന്മനാട്ടിലേക്ക് പോയ ഷിൻഡെയ്ക്ക് അസുഖം ബാധിച്ചതിനാൽ മടക്കയാത്ര വൈകിയേക്കുമെന്ന് സൂചന. ഇതോടെ മുംബൈയിലെ ഭരണകക്ഷി രൂപീകരണ ചർച്ചകൾ വഴിമുട്ടിയ നിലയിൽ.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലും സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചു ബിജെപി. ഡിസംബർ അഞ്ചിന് വൈകീട്ട് മുംബൈയിലെ ആസാദ് മൈതാനത്താണ് ചടങ്ങ്.
Also Read: സിക്കിമിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അഞ്ച്പേർക്ക് ദാരുണാന്ത്യം
മഹാരാഷ്ട്ര മഹായുതി സർക്കാർ ഡിസംബർ 5 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ അറിയിച്ചത്. സംസ്ഥാനത്തെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ തുടരുന്നതിനിടെയാണ് ബിജെപി സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചിരിക്കുന്നത് .
മഹാരാഷ്ട്രയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബി.ജെ.പി പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനം ആരായിരിക്കും എന്നതിനെ കുറിച്ച് ഇനിയും വ്യക്തമായിട്ടില്ല.
ഡൽഹിയിലും മുംബൈയിലും തിരക്കേറിയ ചർച്ചകൾ നടന്നെങ്കിലും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും അന്തിമമായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്.
അതെ സമയം മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി ഷിൻഡെ ആവശ്യപ്പെട്ട പ്രധാന വകുപ്പുകൾ ബിജെപി അംഗീകരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഡൽഹി യോഗത്തിന് ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ ഷിൻഡെ ഇന്ന് രാത്രി തിരിച്ചെത്തുമെന്നാണ് അറിയിച്ചതെങ്കിലും ആരോഗ്യനില വഷളായതിനാൽ യാത്ര റദ്ദാക്കിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ജന്മനാടായ സത്താറയിൽ എത്തിയ ശേഷമാണ് ഷിൻഡെക്ക് അസുഖം ബാധിച്ചത്.
വൈറൽ അണുബാധയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർ പറഞ്ഞത് . മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾക്കിടയിലാണ് മുംബൈയിലെ നിർണായക യോഗങ്ങൾ റദ്ദാക്കി ഷിൻഡെ ജന്മനാട്ടിലേക്ക് പോയത്. ഇതോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വഴിമുട്ടിയ നിലയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here