സിഖ് ഘോഷയാത്രയിലേക്ക് 17-കാരൻ ഥാർ ഓടിച്ചുകയറ്റി, ജയ്പൂരിൽ ഒട്ടേറെ പേർക്ക് പരുക്ക്; ജനക്കൂട്ടം ജീപ്പ് തല്ലിത്തകർത്തു

സർക്കാർ ഉദ്യോഗസ്ഥൻ്റെ പ്രായപൂർത്തിയാകാത്ത മകൻ ജയ്പൂരിലെ സിഖ് ഘോഷയാത്രയിലേക്ക് ഥാർ ഓടിച്ചുകയറ്റി. സംഭവത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ജയ്പൂരിലെ രാജാ പാർക്ക് ഏരിയയിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. രാത്രി എട്ടരയോടെ ആദർശ് നഗർ സർക്കിളിനു സമീപം മുന്നൂറോളം പേർ തടിച്ചുകൂടിയ പരിപാടിയ്ക്കിടെയായിരുന്നു അപകടം.

അമിത വേഗത്തിലെത്തിയ വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നെന്ന് സംഭവത്തിൻ്റെ ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പരുക്കേറ്റവരിൽ ഒരു വൃദ്ധനും കുട്ടിയും ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന പൊലീസിന്‍റെ അവകാശവാദം വ്യാപക പ്രതിഷേധത്തിനിടയാക്കി.

ALSO READ: മഹാരാഷ്ട്രയിൽ മരിച്ചയാളുമായി പോകുന്നതിനിടെ ആംബുലന്‍സ് ഹമ്പൊന്ന് ചാടി, ഉറക്കത്തില്‍ നിന്നെന്ന പോലെ ജീവിതത്തിലേക്ക് എഴുന്നേറ്റ് 65 കാരന്‍- അദ്ഭുതം

നാട്ടുകാര്‍ വാഹനത്തിന്‍റെ ബോണറ്റിന്‍റെ മുകളില്‍ കയറി ജനാലച്ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തു. അപകട സമയത്ത് വാഹനത്തിൽ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നതെന്നും ഇവർ മൂവർക്കും പ്രായപൂർത്തിയായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

അപകടത്തെ തുടർന്ന് പ്രദേശത്തു നിന്നും പ്രതികൾ ഓടിരക്ഷപ്പെട്ടെങ്കിലും ഇവർക്കായി അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ എസ്‌യുവി പിടിച്ചെടുത്ത് ജവഹർ നഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News