ബിഹാർ, ജാർഖണ്ഡ്, ചണ്ഡീഗഢ്…
വെറും ഒരാഴ്ചക്കുള്ളിൽ ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സംഘപരിവാർ അട്ടിമറി നടത്തിയ, നടത്താൻ ശ്രമിച്ച ഇടങ്ങളാണിവ. പൊതുജനം ഒന്നുമറിയാതെ നിന്ന സാഹചര്യം. രാഷ്ട്രീയ നിരീക്ഷകർക്കും ദേശീയ നേതാക്കൾക്കും എന്താണ് നടക്കുന്നത് എന്നുപോലും മനസിലാകാത്ത സാഹചര്യം. അതെ, വെറും ഒരാഴ്ചക്കുള്ളിൽ രണ്ട് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് സംഘപരിവാർ ജനാധിപത്യത്തെ കശാപ്പ് ചെയ്തതിന്റെ ചോരച്ചൂരറിഞ്ഞത്.
ഫെബ്രുവരി 28ന് ബിഹാറിൽ രാവിലെ ഒരാൾ ജോലിക്ക് പോയി വൈകുന്നേരം തിരിച്ചുവരുന്നുവെന്ന് കരുതുക. ജോലിക്ക് പോകുമ്പോൾ നിതീഷ് കുമാർ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി. ജോലി കഴിഞ്ഞ് വരുമ്പോൾ അതേ നിതീഷ് കുമാർ ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രി.
നിതീഷ് കുമാറിന്റെ ചാട്ടവും രാജിയും പുനർസത്യപ്രതിജ്ഞയും വെറും നിസ്സാര മണിക്കൂറുകളുടെ ഇടവേളയിലാണ് നടന്നത്. അതും സംഘപരിവാറിന്റെ ഗംഭീര സ്ക്രിപ്റ്റിൽ. ‘ഇന്ത്യ’ സഖ്യത്തിൽ തനിക്ക് വേണ്ടതൊന്നും ലഭിക്കില്ലെന്ന തിരിച്ചറിവിൽ നിന്ന നിതീഷ് കുമാറിനെ ബിജെപി അവരുടെ ചൂണ്ടക്കൊളുത്തിൽ കൊളുത്തിയത് കർപൂരി താക്കൂറിന് ഭാരത രത്ന എന്ന പ്രഖ്യാപനത്തിലൂടെയാണ്. നിതീഷ് കുമാറിന് ചെയ്തുപരിചയമുള്ള കാര്യമാണ് മറുകണ്ടം ചാടൽ എന്നതിനാലും, എങ്ങനെയെങ്കിലും ദില്ലിയിലെത്തണം എന്ന മോഹമുള്ളതിനാലും എല്ലാം വെറും മണിക്കൂറുകളുടെ ഗ്യാപ്പിൽ തീർന്നു.
തെരഞ്ഞെടുപ്പടുക്കുമ്പോൾ കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് പറഞ്ഞുവിടുക എന്ന ബിജെപി നയത്തിന് ജാർഖണ്ഡിലും മാറ്റമുണ്ടായില്ല. ഭൂമി തട്ടിപ്പ് കേസിൽ കുറ്റാരോപിതനായ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ ഇ ഡി അറസ്റ്റ് ചെയ്തപ്പോൾ ബിജെപി പ്രതീക്ഷിച്ചത് ഒരു അട്ടിമറിയാണ്.
കോൺഗ്രസ്, ജാർഖണ്ഡ് മുക്തിമോർച്ച എംഎൽഎമാരെ വട്ടം വെച്ചുപറന്ന ബിജെപി ഓപ്പറേഷൻ താമരയുടെ ഒരു വലിയ വല ജാർഖണ്ഡിൽ വിരിക്കുന്നത് നമ്മൾ കണ്ടു. നിരവധി എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റുന്നതും നമ്മൾ കണ്ടു. മുഖ്യമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെടാൻ ചംപയ് സോറനെ ഗവർണർ സി പി രാധാകൃഷ്ണൻ കാത്തുനിർത്തിയതും ബിജെപിക്ക് ഒരു വലവിരിക്കലിന് സമയം നീട്ടിക്കൊടുത്തതാണെന്ന് സുവ്യക്തം.
ഏറ്റവുമൊടുവിൽ, നാണംകെട്ട രീതിയിൽ സംഘപരിവാർ ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പും അട്ടിമറിച്ചു. ജനുവരി 30ന് നടന്ന തെരഞ്ഞടുപ്പിൽ ബിജെപിക്കെതിരെ മത്സരിച്ചത് കോൺഗ്രെസും ആം ആദ്മിയും ചേർന്ന ‘ഇന്ത്യ’ സഖ്യമാണ്. ബിജെപി സ്ഥാനാർഥി മനോജ് സോങ്കർ 12 നെതിരെ 16 വോട്ടുകൾക്ക് ജയിച്ച തെരഞ്ഞെടുപ്പിൽ 8 വോട്ടുകളാണ് അസാധുവായത്. എന്നാൽ പിന്നീടാണ് ഞെട്ടിക്കുന്ന ചില വിവരങ്ങൾ പുറത്തുവന്നത്.
തെരഞ്ഞെടുപ്പിലെ റിട്ടേർണിംഗ് ഓഫീസറായിരുന്ന അനിൽ മാസിഹ് ബാലറ്റ് പേപ്പറുകളിൽ കൃത്രിമം കാണിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എട്ട് ബാലറ്റ് പേപ്പറുകളിലാണ് ഇയാളിത്തരത്തിൽ കൃത്രിമം കാണിച്ചത്. അത്രയും വോട്ടുകളാണ് അസാധുവായതും. ദൃശ്യങ്ങളിൽ പേപ്പറുകളിൽ ഇയാൾ ചിലത് എഴുതിയിടുന്നത് കാണാമായിരുന്നു. ഇതോടെയാണ് ഇന്ത്യ സഖ്യം വിജയിക്കേണ്ടയിടത്ത് ബിജെപി സ്ഥാനാർഥി ജയിച്ചുകയറിയത്. ചുരുക്കത്തിൽ ബിജെപിക്ക് വേണ്ടി കൃത്യമായി ജോലി ചെയ്തു അനിൽ മാസിഹ്
ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് സുപ്രീംകോടതിയിലെത്തിയപ്പോൾ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞത് ഇങ്ങനെയാണ്. “A murder of democracy, a mockery of purity of elections” എന്ന് ! ജനാധിപത്യം പരസ്യമായി കശാപ്പ് ചെയ്യപ്പെടുന്ന അവസ്ഥ എത്ര ഭീകരമാണ് !
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യപ്രക്രിയയെ തന്നെ കളങ്കപ്പെടുത്തുകയാണ് സംഘപരിവാർ ചെയ്തത്. ഉദ്യോഗസ്ഥരെയും നേതാക്കളെയും വിലയ്ക്കുവാങ്ങി, ഭരണ സംവിധാനങ്ങളെ അടിമുടി കടപുഴക്കി, അധികാരം കൊയ്യാമെന്ന രീതി തെരഞ്ഞെടുപ്പ് അടുക്കുന്തോറും സംഘപരിവാർ പുറത്തെടുക്കുകയാണ്. വെറും ഒരാഴ്ചക്കുള്ളിൽ രണ്ടിടങ്ങളിൽ അട്ടിമറിയും ഒരു അട്ടിമറി ശ്രമവുമാണ് സംഘപരിവാർ തിരക്കഥയിൽ രാജ്യത്ത് അരങ്ങേറിയത്. ഓർക്കണം, വെറും ഒരാഴ്ചക്കുള്ളിൽ. ജനാധിപത്യത്തിനുള്ള അപകടമണി സംഘപരിവാർ ഒരുവശത്തുനിന്ന് അടിച്ചുതുടങ്ങുന്നുണ്ട് എന്ന് നമ്മൾ കൃത്യമായി ഓർക്കേണ്ട സമയമാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here