നെൽക്കർഷകരെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം

നെൽക്കർഷകരുടെ പ്രശ്‌നങ്ങളാണ് നവകേരള സദസ്സിനോടനുബന്ധിച്ച് ചിറ്റൂർ നെഹ്‌റു ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാതസദസ്സിൽ പങ്കെടുത്തവർ ഉയർത്തിയ ഒരു വിഷയം. സംസ്ഥാനത്ത് നെൽക്കൃഷിയുടെ ഏറ്റവും വലിയ കേന്ദ്രമാണ് എന്നതാണ് പാലക്കാടിന്റെ പ്രത്യേകത. ഈ മേഖലയിൽ വലിയ ശ്രദ്ധയാണ് സർക്കാർ കൊടുക്കുന്നത്. നല്ലതോതിൽ നെല്ലിന്റെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനായി. 2547ൽ നിന്ന്‌ 4560 ഹെക്ടറിലേക്ക് നെൽക്കൃഷി വ്യാപിപ്പിക്കാൻ സാധിച്ചു. 2016ൽ നെൽക്കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി 1,71,398 ഹെക്ടറിൽ ആയിരുന്നെങ്കിൽ ഇപ്പോഴത് രണ്ടു ലക്ഷത്തി അയ്യായിരത്തിനാൽപ്പത് ഹെക്ടറിലേക്ക് വ്യാപിച്ചു. നെൽക്കൃഷി പ്രോത്സാഹിപ്പിക്കാൻ റോയൽറ്റി അനുവദിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സപ്ലൈകോ വഴി 5,17,794 ടണ്ണാണ് സംഭരിച്ചത്. സംഭരണവിലയായി കർഷകർക്ക് 1322 കോടി രൂപ നൽകി. 1,75,610 കർഷകർക്കാണ് ഇത് പ്രയോജനപ്പെട്ടത്.

നെല്ലിന് കേന്ദ്രം ഏർപ്പെടുത്തിയ താങ്ങുവില 20 രൂപ 40 പൈസയാണ്. എന്നാൽ, കേരളം 28 രൂപ 20 പൈസ നൽകിയാണ് സംഭരിക്കുന്നത്. കേന്ദ്രത്തിന്റെ തുക ലഭിക്കാതെതന്നെ കർഷകരുടെ അക്കൗണ്ടിലേക്ക് മുഴുവൻ തുകയും നൽകാൻ സർക്കാരിന് കഴിഞ്ഞു. നെല്ല് അരിയാക്കാൻ വേണ്ടിവരുന്ന തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. പിആർഎസിലൂടെ അഡ്വാൻസായി പണം എടുത്തതിന്റെ ഭാഗമായി ഒരു തരത്തിലുമുള്ള ബാധ്യത കർഷകർക്ക് ഉണ്ടായില്ല. നെൽക്കൃഷിയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2021–- -22ൽ 83,333.33 ഹെക്ടർ പാടശേഖരങ്ങൾക്ക് നെൽവിത്ത്, വളം, ജൈവിക കീടരോഗ നിയന്ത്രണം എന്നിവയ്ക്ക് ധനസഹായം നൽകി. 107.10 കോടി രൂപ നെൽക്കൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചു. 2022-–-23ൽ 93,509.94 ഹെക്ടറിന് ധനസഹായം നൽകി. 48.92 കോടി രൂപ നെൽക്കൃഷി വികസനത്തിന് ചെലവിട്ടു.

30,000 കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി മൂന്നു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുന്നുണ്ട്. ഇതിനായി ഈ സാമ്പത്തിക വർഷം 650 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

നെൽവയലുകൾ തരംമാറ്റുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി റോയൽറ്റി ഹെക്ടറിന് 2000 രൂപ എന്നത് 3000 ആയി വർധിപ്പിച്ചു. ഇതിനായി 4.34 കോടി രൂപ ചെലവഴിച്ചു. തരിശുനിലങ്ങളെ കൃഷി യോഗ്യമാക്കുന്നതിന് ഹെക്ടർ ഒന്നിന് 40,000 രൂപ നിരക്കിൽ 31.83 കോടി ചെലവിട്ടു. മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിച്ച്‌ സുരക്ഷിത ഭക്ഷ്യോൽപ്പാദനത്തിനായി ശാസ്ത്രീയ ജൈവക്കൃഷിയും ജൈവ ഉൽപ്പാദനോപാധികളുടെ ലഭ്യത വർധിപ്പിക്കലും ഉദ്ദേശിച്ച് ആസൂത്രണം ചെയ്ത മിഷൻ മോഡിലുള്ള പദ്ധതിയാണ് ജൈവ കാർഷിക മിഷൻ. ഈ പദ്ധതി ഈ സാമ്പത്തിക വർഷത്തിൽ 10,000 ഹെക്ടർ സ്ഥലത്ത് നടപ്പാക്കും. 30,000 കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി മൂന്നു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുന്നുണ്ട്. ഇതിനായി ഈ സാമ്പത്തിക വർഷം 650 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇപ്പോൾ പിന്തുടരുന്ന വിള-കേന്ദ്രീകൃത സമീപനത്തിന്റെ അപര്യാപ്തത കണക്കിലെടുത്ത്‌ കൃഷിയിടാധിഷ്ഠിത വികസന സമീപനത്തിലുള്ള പദ്ധതികൾ നടപ്പാക്കുകയാണ്.

നെൽക്കർഷകരെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. അവരെ സഹായിക്കാനുള്ള ഒട്ടേറെ നടപടികൾ എടുത്തുകഴിഞ്ഞു. നെൽക്കർഷകർക്ക് പ്രശ്‌നങ്ങളുണ്ടായപ്പോൾ ഗൗരവമായ ഇടപെടലാണ് സർക്കാർ നടത്തിയത്. ചീഫ് സെക്രട്ടറി തലത്തിലും ബാങ്കിങ് തലത്തിലും സമിതി നിലവിലുണ്ട്. സംസ്ഥാനത്തിന്റെ പൊതുപ്രശ്‌നങ്ങളും പുതിയ സംവിധാനം കൊണ്ടുവരുന്നതിലെ സാങ്കേതികമായ തടസ്സങ്ങളുമാണ് ഇടപെടലുകൾക്ക് ഉദ്ദേശിച്ച ഫലമുണ്ടാകാത്തതിന് കാരണം. എങ്കിലും കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകാതെ മുന്നോട്ട് പോകാനുള്ള സാഹചര്യം ഒരുക്കാനായിട്ടുണ്ട്. സ്ഥായിയായ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. ഇവിടെ നൽകുന്ന സംഭരണവില രാജ്യത്തുതന്നെ ഏറ്റവും കൂടിയതാണ്. കേന്ദ്രം നൽകുന്നതിനേക്കാൾ വളരെ കൂടുതലാണത്.

ALSO READ: മിസോറാമിൽ വോട്ടെണ്ണൽ ഇന്ന്

പ്രഭാതയോഗത്തിൽ ചിറ്റൂർ, തരൂർ, നെന്മാറ, ആലത്തൂർ മണ്ഡലങ്ങളിലെ വിവിധ മേഖലകളിൽന്നുള്ളവരാണ് പങ്കെടുത്തത്. ചർച്ചയിൽ വിനോദസഞ്ചാര പ്രാധാന്യമുള്ള പാലക്കാട്ടെ മനോഹര ഗ്രാമമായ കൊല്ലങ്കോട്ടെ റോഡ് സൗകര്യം മെച്ചപ്പെടുത്തണമെന്ന് പ്രമുഖ സാഹിത്യ നിരൂപകൻ ആഷാ മേനോൻ ആവശ്യപ്പെട്ടു. പ്രമുഖ ഭൗതിക ശാസ്ത്രജ്ഞൻ ഡോ. പി ആർ പിഷാരടിക്ക് സ്മാരകമുണ്ടാക്കണം, കൊല്ലങ്കോട് കാർഷിക കോളേജ് സ്ഥാപിക്കണം, ബ്ലഡ് ബാങ്ക് ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

നെല്ലിയാമ്പതിയുടെ വിനോദസഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തുക, അതിനായി പ്ലാന്റേഷൻ ഭൂമിയിലെ 25 ഏക്കറിൽ പാർക്കിങ്, ശുചിമുറി, കുട്ടികളുടെ പാർക്ക് തുടങ്ങിയവ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യവസായിയായ ജ്യോതിസ് കുമാർ ആവശ്യപ്പെട്ടത്. വിളവെടുത്ത് കഴിഞ്ഞാലുടൻ നെല്ല് സംഭരിക്കണം, കർഷകരുടെ വിളകൾക്ക് വിലസ്ഥിരത വേണം, മംഗലം ഡാം പരമാവധി പ്രയോജനപ്പെടുത്താൻ നടപടിയെടുക്കണം തുടങ്ങിയ നിർദേശങ്ങളാണ് സമ്മിശ്ര കർഷകനായ സി ആർ ഭവദാസ് മുന്നോട്ടുവച്ചത്. ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന രീതിയിൽ കൃഷിയിൽ കാലാനുസൃത മാറ്റം വേണമെന്ന് സ്വരൂപ് എന്ന യുവകർഷകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു. ട്രൈവൺസ് എന്ന ആപ് വഴി കാർഷിക -മൂല്യവർധിത ഉൽപ്പന്നങ്ങൾ ആവശ്യക്കാരിലേക്ക് നേരിട്ടെത്തിക്കുന്ന അനുഭവം സ്വരൂപ് പങ്കുവച്ചു.

ALSO READ: അച്ചൻകോവിൽ തൂവൽമല വനത്തിൽ അകപ്പെട്ട വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷപെടുത്തി

തൊഴിലുറപ്പ് പദ്ധതിയിൽ ഇറിഗേഷൻ പ്രവൃത്തികൾ ഉൾപ്പെടുത്തണമെന്നും എസ്‌സി, ഒബിസി വിഭാഗത്തിന് 180 തൊഴിൽദിനമെങ്കിലും നൽകാനാകണമെന്നും കൂലി വർധിപ്പിക്കണമെന്നതുമായിരുന്നു തൊഴിലുറപ്പ് തൊഴിലാളി ദേവകിയുടെ ആവശ്യം. തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്ത് ഏറ്റവും ഉയർന്ന കൂലി നൽകുന്നത് കേരളമാണെന്നും നയപരമായ കാര്യങ്ങൾ കേന്ദ്രതീരുമാനത്തിന് വിധേയമാണെന്നും അതിനു മറുപടിയായി പറഞ്ഞു. പ്രഭാതയോഗത്തിൽ ലഭിച്ച നിർദേശങ്ങളെല്ലാംതന്നെ തുടർപ്രവർത്തനങ്ങൾക്ക് സഹായകമാകുന്നവയാണ്. ഇവയാകെ പരിശോധിച്ച് മറുപടിയുണ്ടാകുമെന്ന്‌ യോഗത്തെ അറിയിച്ചു.

നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News