കെടിയു വിസി നിയമനത്തിൽ വിട്ടുവീഴ്ചയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെടിയു വൈസ്‌ചാൻസലറുടെ ചുമതല സർക്കാരിന് താൽപര്യമുള്ളവർക്ക് നൽകാമെന്ന് കാണിച്ച് രാജ്ഭവൻ കത്തയച്ചു. 31-ന് സിസാ തോമസ് വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി.
കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളുടെ നാമനിർദ്ദേശം പിൻവലിച്ചതും,സേർച്ച് കമ്മിറ്റി രൂപീകരണവും ഹൈക്കോടതി റദ്ദാക്കിയത് ഗവർണർക്ക് തിരിച്ചടിയായതോടെയാണ് സർക്കാരുമായുള്ള ഏറ്റുമുട്ടൽ ഗവർണർ അവസാനിപ്പിക്കുന്നത്. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല താൽകാലിക വി.സിയായി സിസാ തോമസിനെ ചാൻസലർ കൂടിയായ ഗവർണറാണ് നിയമിച്ചത്.
താൽക്കാലിക വിസിയ്ക്ക് ആറു മാസം വരെ തുടരാമെങ്കിലും, സിസാ തോമസ് മാർച്ച് 31ന് സർവീസിൽ നിന്നും വിരമിക്കുന്നതിന് പകരം ആരെയാണ് നിയമിക്കേണ്ടതെന്ന് ആവശ്യപ്പെട്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് രാജ്ഭവൻ കത്ത് നൽകിയിരിക്കുന്നത്. ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥിനെ നിയമിക്കണമെന്ന സർക്കാർ നിർദ്ദേശം നിരാകരിച്ചായിരുന്നു ഗവർണർ സിസാ തോമസിന് വിസിയുടെ ചുമതല നൽകിയത്.
ഏപ്രിൽ 1 മുതൽ സജി ഗോപിനാഥിനോ സർക്കാർ നിർദ്ദേശിക്കുന്ന മാറ്റാർക്കുമെങ്കിലോ ചുമതല നൽകുന്നതിൽ വിരോധമില്ലെന്നും വിദ്യാഭ്യാസ വകുപ്പിനെ ഗവർണറുടെ സെക്രട്ടറി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി തലസ്ഥാനത്ത് എത്തിയശേഷം ഇതിൽ തീരുമാനമെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here