റോഡിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് കൊള്ളാത്ത ചിന്നക്കല്ലിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു ഒറ്റവരി പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പരിഹാസം. റോഡരികില്‍ രണ്ട് മണിക്കൂറോളം കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ക്കെതിരെയാണ് ‘റോഡിലെ ചൂടിന് സോഡാ നാരങ്ങാ ബെസ്റ്റാ’ എന്ന ക്യാപ്‌ഷനോടെയുള്ള പോസ്റ്റ് എന്ന് വ്യക്തമാണ്. സോഡാ നാരങ്ങയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.
ഗവര്‍ണറുടെ പ്രതിഷേധത്തെ മറ്റൊരു ഗവര്‍ണറും കാണിക്കാത്ത വെറും ഷോയാണ് എന്നും ഗവര്‍ണര്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. സമരങ്ങളും പ്രതിഷേധവും സ്വാഭാവികമാണ്. അത് നിയന്ത്രിക്കാന്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. ഇതെല്ലാം മറികടന്ന് ഗവര്‍ണര്‍ സ്വന്തം പദവി മറന്ന് ഷോ കാണിക്കുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.
ALSO READ: അമിത ബിപി നിയന്ത്രിക്കാം മരുന്നില്ലാതെ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
കൊല്ലത്തുവച്ച് ഗവര്‍ണറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെ കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുക്കുകയായിരുന്നു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
അതേസമയം തിരുവനന്തപുരം മേയറും സമാനമായ ഒരു പോസ്റ്റ് ഇട്ടിരുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുതലാണ് പുറത്ത് പണിയെടുക്കുന്നവർ ധാരാളം “വെള്ളം കുടിക്കണം” ‘ബോഞ്ചി’ നല്ലൊരു ഓപ്‌ഷനാണ്… എന്ന എഴുത്തോടെയാണ് മേയർ ആര്യ രാജേന്ദ്രൻ സമൂഹമാധ്യമത്തിൽ പോസ്റ്റർ പങ്കുവെച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here