‘സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന നേതാവ്’; ബുദ്ധദേബ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചിച്ച് ഗോവിന്ദൻ മാസ്റ്റർ

ബുദ്ധദേബ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചിച്ച് ഗോവിന്ദൻ മാസ്റ്റർ. സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന നേതാവായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ എന്ന് അദ്ദേഹം പറഞ്ഞു.

Also read:സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

മുതിർന്ന സിപിഐ എം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ നിര്യാണത്തിലൂടെ ഒരു കാലഘട്ടമാണ്‌ അവസാനിക്കുന്നത്‌. ഇതിഹാസതുല്യമായ ജീവിതം നയിച്ച അദ്ദേഹത്തിന്റെ വിയോഗം കമ്യൂണിസ്റ്റ്‌ പാർട്ടികൾക്കും രാജ്യത്തിനാകെയും തീരാനഷ്ടമാണ്‌.അടിയുറച്ച കമ്യൂണിസ്റ്റ്‌ മൂല്യങ്ങളും ലാളിത്യവും മുറുകെ പിടിച്ചുള്ള ജീവിതമായിരുന്നു ബുദ്ധദേവിന്റേത്‌‌. അധികാര സ്ഥാനങ്ങളിൽ ഇരുന്നപ്പോഴും ഒരു ദശാബ്‌ദം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോഴും അതിൽ മാറ്റമുണ്ടായില്ല. ബംഗാളിന്റെ വികസനത്തിനായി ശക്തമായ നിലപാടുകളാണ്‌ ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം കൈക്കൊണ്ടത്‌. കാർഷിക മേഖലയിൽ ബംഗാളിലുണ്ടായ വിപ്ലവകരമായ മുന്നേറ്റം വ്യവസായ രംഗത്തും വേണമെന്ന ദീർഘവീക്ഷണമുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്റേത്‌. ഐടി മേഖലയിലടക്കം നടത്തിയ മുന്നേറ്റം അതിന്‌ തെളിവായി. കൊൽക്കത്തയ്‌ക്ക്‌ ചുറ്റും ഉയർന്ന്‌ നിൽക്കുന്ന ടൗൺഷിപ്പുകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്‌. ദീർഘകാല വികസനത്തിന്‌ ആവശ്യമായ നയങ്ങളെ എതിരാളികൾ കലാപം കൊണ്ടാണ്‌ നേരിട്ടത്‌. ബുദ്ധദേവിന്റെ നിലപാടുകളായിരുന്നു ശരിയെന്ന്‌‌ പിൽക്കാല ചരിത്രം തെളിയിച്ചു.

Also read:സമ്മേളനം വെട്ടിച്ചുരുക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പി എസ് സി എംപ്ലോയീസ് യൂണിയൻ

ബംഗാളി ഭാഷയിൽ അതീവ പ്രാവീണ്യമുണ്ടായിരുന്നു ബുദ്ധദേവിന്‌. അദ്ദേഹത്തിന്റെ പഠനങ്ങളും വിവർത്തനങ്ങളും സാഹിത്യ ലോകത്തിനുള്ള സംഭാവനയായി മാറി. നിരവധി സാംസ്കാരിക സ്ഥാപനങ്ങളുടെ ശിൽപിയുമായിരുന്നു അദ്ദേഹം. തലയെടുപ്പുള്ള നേതാവായും ഭരണാധികാരിയായും നിലകൊള്ളുന്നതിനിടെ പലതവണ വധശ്രമങ്ങളെയും അതിജീവിക്കേണ്ടി വന്നു. ജീവൻ പണയപ്പെടുത്തിയും ശരിയായ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിനായി. കേന്ദ്രസർക്കാർ പത്മഭൂഷൺ നൽകി ആദരിക്കാൻ തീരുമാനിച്ചപ്പോൾ ബുദ്ധദേവ്‌ അത്‌ നിരസിച്ചു. ബഹുമതികൾ പ്രതീക്ഷിച്ചായിരുന്നില്ല തന്റെ പൊതുപ്രവർത്തനമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. നിസ്വാർഥനായ ഒരു പൊതുപ്രവർത്തകനെയും ഭരണാധികാരിയെയുമാണ്‌ ബുദ്ധദേവിന്റെ വിയോഗത്തിലൂടെ നമുക്ക്‌ നഷ്ടമാകുന്നത്‌. അദ്ദേഹത്തിന്റെ ഓർമകൾ പാർട്ടിയുടെ വരുംകാല പ്രവർത്തനങ്ങൾക്ക്‌ വഴിവിളക്കായി തെളിഞ്ഞുനിൽക്കും. പ്രിയസഖാവിന്റെ സ്മരണകൾക്ക്‌ മുന്നിൽ അന്ത്യാഞ്ജലിയർപ്പിക്കുന്നു. ബംഗാളിലെ പാർട്ടിയുടെയും പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News