റെയിൽവേ മെയിൽ സർവീസ് സ്പീഡ് പോസ്റ്റ് ഹബ്ബുകളുമായി ലയിപ്പിക്കാനുള്ള കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് എ എ റഹീം എംപി സ്പെഷ്യൽ മെൻഷനിലൂടെ ആവശ്യപ്പെട്ടു.
ഡിപ്പാർട്ട്മെൻറ് ഓഫ് പോസ്റ്റസിന്റെ തീരുമാനപ്രകാരം റെയിൽവേ മെയിൽ സർവീസ് ഓഫീസുകളും സ്പീഡ് പോസ്റ്റ് ഹബ്ബുകളും ലയിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതോടൊപ്പം റജിസ്റ്റേഡ് പോസ്റ്റ് സേവനവും സ്പീഡ് പോസ്റ്റ് സേവനവും ലയിപ്പിക്കും. ദുർവ്യാപകമായ നിരവധി പ്രത്യാഘാതങ്ങൾ ഇത് സൃഷ്ടിക്കും.
ഈ ഉത്തരവിലൂടെ രാജ്യത്തെ 93 നഗരങ്ങളിലെ 312 റെയിൽ മെയിൽ സർവീസ് ഓഫീസുകൾ അടച്ച് പൂട്ടും. ഇതിൽ 12 എണ്ണവും കേരളത്തിലാണ്. ഇത് മൂലം 3000ത്തിലധികം താൽക്കാലിക ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുകയും മറ്റു ജീവനക്കാർക്ക് നിലവിലുള്ള ഓഫീസുകളിൽ നിന്നും ഒരുപാട് ദൂരെ പോയി ജോലി ചെയ്യേണ്ട അവസ്ഥ വരും. തൊഴിലില്ലായ്മ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഈ നടപടി യുവജനവിരുദ്ധമാണ്.
റെയിൽവേ പരിസരത്തു നിന്നും മെയിൽ ഓഫീസുകൾ മാറ്റുന്നത് കൂടുതൽ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കും . ഇത് പോസ്റ്റൽ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ഉപഭോക്താക്കൾ സ്വകാര്യ കമ്പനികളുടെ സേവനങ്ങൾ സ്വീകരിക്കുന്നത്തിലേക്കും വഴിവയ്ക്കും.
പോസ്റ്റ് ഓഫീസ് ആക്ട് അടക്കമുള്ള കേന്ദ്രസർക്കാറിന്റെ നയങ്ങളും നടപടികളും പോസ്റ്റൽ മേഖല സ്വകാര്യ കമ്പനികൾക്ക് തീറെഴുതി കൊടുക്കാനുള്ള തീരുമാനത്തിൻ്റെ തുടർച്ചയാണ്. സർക്കാറിന്റെ ഈ തീരുമാനം ഉടൻ തന്നെ പിൻവലിക്കണമെന്നും ആർ എം എസ് അടക്കമുള്ള പോസ്റ്റൽ സേവനങ്ങളിൽ പുതിയ തസ്തികകൾ സൃഷ്ടിച്ച് റിക്രൂട്ട്മെൻറ് നടത്തണമെന്നും കേന്ദ്ര സർക്കാരിനോട് എ എ റഹീം എം പി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here