ഇടുക്കി മെഡിക്കല്‍ കോളേജിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ ഉപജാപക സംഘം പ്രവര്‍ത്തിക്കുകയാണെന്നും, മെഡിക്കല്‍ കോളജിലെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ രംഗത്ത് വരുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റും അറിയിച്ചു. ജില്ലാ കളക്ടര്‍ നേരിട്ടു ചര്‍ച്ച നടത്തിയിട്ടും ഇടുക്കി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥി സമരം തുടരുകയാണ്.
ALSO READ:നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം ജയിലിലടച്ചു
2014ലാണ് ജില്ല ആശുപത്രി എന്ന ബോര്‍ഡ് മാറ്റി അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചത്. അന്ന് ബോര്‍ഡ് മാത്രമാണ് മാറിയത് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നുവെങ്കിലും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ശരിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം അംഗീകാരം നിഷേധിക്കുകയും വിദ്യാര്‍ത്ഥികളെ പഠനത്തിനായി മറ്റു മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആണ് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. ഇതിനെ തുടര്‍ന്നാണ് 2022 ല്‍ എംബിബിഎസിന് 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജില്‍ 2000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് നടന്നത്. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇപ്പോഴും പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ,മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ALSO READ:ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു
ജില്ലാ കളക്ടര്‍ നേരിട്ട് ചര്‍ച്ച നടത്തിയിട്ടും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറിയാല്‍ ഉടന്‍ തന്നെ മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ട് ചര്‍ച്ച നടത്താമെന്ന് അറിയിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്നതില്‍ ദുരൂഹതയുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വന്‍കിട ആശുപത്രികളുടെയും സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെയും ഇടനിലക്കാരായി ചില സംഘടനകളും, വ്യക്തികളും മാധ്യമങ്ങളും പ്രവര്‍ത്തിക്കുകയാണ്. എംബിബിഎസ് സീറ്റുകളുടെ എണ്ണം കുറയുമെന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചതിനു പിന്നിലും ഇത്തരക്കാരാണ്. ഇവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് സിപിഐഎം നിലപാട്. നിലവില്‍ 200 എംബിബിഎസ് വിദ്യാര്‍ത്ഥികളും 60 ബി എസ് സി നേഴ്‌സിങ് വിദ്യാര്‍ത്ഥികളും ഇടുക്കി മെഡിക്കല്‍ കോളേജില്‍ പഠനം നടത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here