മൽസ്യത്തൊഴിലാളികൾക്ക് സാന്ത്വന സ്പർശമേകി സർക്കാർ. മൽസ്യത്തൊഴിലാളികളുടെ പുനരധിവാസം പ്രാവർത്തികമാക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന ‘പുനർഗേഹം’ പദ്ധതി വഴി 1,112 ഫ്ലാറ്റുകളാണ് സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കുന്നത്. ഇതിൻ്റെ ആദ്യഘട്ടമായി 390 ഫ്ലാറ്റുകളുടെ നിർമാണം പൂർത്തീകരിച്ചു. കൂടുതൽ ഫ്ലാറ്റുകൾ തിരുവനന്തപുരം ജില്ലയിലാണ്, 568 എണ്ണം. മുട്ടത്തറയിൽ 400ഉം കടകംപള്ളിയിൽ 168ഉം ഫ്ലാറ്റാണ് നിർമിക്കുന്നത്. കലക്ടർ അധ്യക്ഷനായ സമിതി വഴിയാണ് ഘട്ടംഘട്ടമായി നിർമാണം പൂർത്തീകരിക്കുന്ന ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. തിരുവനന്തപുരം കാരോട് 128, ബീമാപ്പള്ളിയിൽ 20, മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ 128, കൊല്ലം ജില്ലയിൽ ക്യുഎസ്‌എസ് കോളനിയിൽ 114 എന്നിങ്ങനെയാണ് ഗുണഭോക്താക്കളെ കണ്ടെത്തി കൈമാറിയ ഫ്ലാറ്റുകളുടെ എണ്ണം.
2019-ൽ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതി വഴി തീരദേശ വേലിയേറ്റ മേഖലയ്ക്ക് 50 മീറ്റർ പരിധിയിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് സുരക്ഷിത മേഖലയിൽ പുരധിവസിപ്പിക്കുന്നത്. ഫിഷറീസ് വകുപ്പ് 2018ൽ നടത്തിയ സർവേയിൽ 21,913 കുടുംബങ്ങൾ ഇത്തരത്തിൽ താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ 8,845 കുടുംബങ്ങളാണ് പുനർഗേഹം പദ്ധതിപ്രകാരം മാറി താമസിക്കാൻ തയ്യാറായത്. 4,334 കുടുംബങ്ങൾ ഭൂമി കണ്ടെത്തി അംഗീകാരം നേടി. 3,740 കുടുംബങ്ങൾ ഭൂമി രജിസ്റ്റർ ചെയ്യുകയും ചെയ്തു. 2361 കുടുംബങ്ങൾ വീടിൻ്റെ നിർമാണം പൂർത്തിയാക്കി. 744 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. സ്ഥലം വാങ്ങി വീടുവയ്‌ക്കാൻ 10 ലക്ഷം രൂപയാണ് പുനർഗേഹം പദ്ധതിയിലൂടെ നൽകുന്നത്.
ALSO READ: ഒരിക്കൽ പ്രതിനായകനായിരുന്ന അൻവർ മാധ്യമങ്ങൾക്ക് ഇപ്പോൾ താരമായി; മന്ത്രി എം ബി രാജേഷ്
ഇതിനിടെ, സംസ്ഥാന സർക്കാർ തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിന് കേന്ദ്രം അംഗീകാരം നൽകിയതോടെ കൂടുതൽ കുടുംബങ്ങൾക്ക് പുനർഗേഹം പദ്ധതി പ്രയോജനപ്പെടും. 66 പഞ്ചായത്തുകളിൽ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ വിട്ട് വീട് നിർമിക്കാം. നേരത്തെ 200 മീറ്റർ മാറിയായിരുന്നു നിർമാണം അനുവദിച്ചിരുന്നത്. 2019ലെ തീരദേശപരിപാലന നിയമം നടപ്പാകുന്നതോടെ നിർമാണത്തിനുള്ള ഭൂമി ലഭ്യതയും വർധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here