ചൊക്രമുടി മലനിരകളിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി; കൈയേറ്റത്തിന് കൂട്ടുനിന്നുവെന്ന ആരോപണം വാസ്തവ വിരുദ്ധം

krajan

ദേവിക്കുളം താലൂക്കില്‍ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടി മലനിരകളിലുണ്ടായ കൈയേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ.  നിയമസഭയില്‍ രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഓഫീസ് കയ്യേറ്റത്തിന് കൂട്ടുനിന്നുവെന്ന ചെന്നിത്തലയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

Also Read: ‘ഉദ്യോഗസ്ഥരെ കയറൂരിയ കാളയെ പോലെ വിടില്ല…’: തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ

ചൊക്രമുടിയില്‍ വ്യാപകമായി ഭൂമി കൈയ്യേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി മാധ്യമ വാര്‍ത്തകളിലൂടെയാണ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആഗസ്റ്റ് 23ന് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്പ്പിച്ചു. തുടര്‍ന്ന് ഇത് സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും കയ്യേറ്റം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനും റവന്യൂ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത മേഖലയില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോരിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ സെപ്തംബര്‍ 13ന് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും, ദേവിക്കുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ 5 പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. കൂടാതെ RTK മെഷൈന്‍ ഉള്‍പ്പെടെയുള്ള ആധുനിക ഉപരണങ്ങള്‍ ഉപയോഗിച്ച് പ്രദേശത്തെ മൊത്തം ഭൂമിയും അളന്ന് സര്‍വ്വെ ഡീമാര്‍ക്കേഷന്‍ നടത്തുന്നതിന് സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടറെയും, പ്രദേശത്തെ സംരക്ഷിത വൃക്ഷങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നും, സ്ഥലത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം സംബന്ധിച്ചും പരിശോധിക്കാന്‍ മൂന്നാര്‍ DFO യെയും ചുമതലപ്പെടുത്തി.

അന്വേഷണ സംഘം പട്ടയങ്ങള്‍, അനധികൃത കൈയ്യേറ്റം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് NOC ലഭ്യമായത് എന്നി സംബന്ധിച്ചു അന്വേഷണം നടത്തി ജില്ലാ കളക്ടര്‍ക്ക് ഒക്ടോബര്‍ 2ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് താല്‍ക്കാലിക ശിപാര്‍ശകളടങ്ങുന്ന റിപ്പോര്‍ട്ട് അഞ്ചാം തീയതി ലാന്റ് റവന്യൂ കമ്മീഷണര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാസ്പദമായ സ്ഥലം ദേവികുളം താലൂക്കില്‍ ബൈസണ്‍ വാലി വില്ലേജിലെ റീസര്‍വ്വെ ബ്ലോക്ക് നമ്പര്‍ 4-ല്‍ സര്‍വ്വെ 35 ല്‍പ്പെട്ടതും 876 ഏക്കര്‍ വിസ്തീര്‍ണ്ണം വരുന്നതുമായ സര്‍ക്കാര്‍ പാറ പുറമ്പോക്ക് ഭൂമിയാണ്.

Also Read: സ്വർണക്കടത്തിൽ അബുലൈസിനെ കുറ്റവിമുക്തനാക്കിയെന്ന് മുനീർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളം; കൈരളി ന്യൂസ് ഫോളോ അപ്പ്

ചോക്രമുടിയിൽ ഭൂമി കൈയേറ്റം നടന്നിട്ടുണ്ട് എന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. 1965 – 1970 കാലഘട്ടത്തിൽ നൽകിയ 5 പട്ടയങ്ങൾ ദുരുപയോഗം ചെയ്താണ് കൈയ്യേറ്റം നടന്നത്. 3060 ഏക്കർ വരുന്ന വലിയപ്രദേശം മൈനർ സർക്യൂട്ട് ആയി സർവേ ചെയ്ത് 27/1 എന്ന സർവേ നമ്പറിൽ ഉള്‍പ്പെടുത്തിയിരുന്നു. ഈ ഭൂമിയിൽ നിന്നാണ് മുൻപ് പട്ടയങ്ങൾ നൽകിയത്. ഈ പട്ടയങ്ങൾ പ്രകാരമുള്ള സ്ഥലങ്ങളാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോള്‍ റീസര്‍വ്വേ ബ്ലോക്ക് നമ്പര്‍ 4 ല്‍ സര്‍വ്വേ 35 ല്‍പ്പെട്ട 876 ഏക്കര്‍ വരുന്ന ഭൂമിയുടെ ഒരു ഭാഗത്ത് കൈയേറ്റം നടന്നത്. 1974 ലാണ് ഈ പ്രദേശത്ത് റീസര്‍വ്വേ നടന്നത്. റീ സർവേയില്‍ മേല്‍ പറഞ്ഞ 876 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കൈവശത്തിലുളള പാറ പുറമ്പോക്ക് ആയി കാണുകയും അതിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റെക്കോർഡുകൾ തയാറാക്കുകയും ചെയ്തിരുന്നു. ആരുടെയും കൈവശവും രേഖപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ ആരും നാളിതുവരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. പട്ടയത്തിൽ ഉൾപ്പെട്ട ഭൂമിയിൽ അല്ല മറിച്ച്, 1974 ലെ റീസര്‍വ്വേ റിക്കാര്‍ഡ് പ്രകാരം പാറ പുറമ്പോക്കായി കിടക്കുന്ന ഭൂമിയിലാണ് കയ്യേറ്റം നടന്നിട്ടുള്ളതെന്നും ഇതിൽ നിന്നും മനസ്സിലാക്കാം.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പതിച്ചു നല്‍കാനാകാത്തതും പാരിസ്ഥിതികമായി റെഡ് സോണില്‍ ഉള്‍പ്പെടുന്നതുമായ പ്രദേശത്തുളള അനധികൃത കയ്യേറ്റം തടയാത്ത ഉദ്യോഗസ്ഥരെയും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് NOC അനുവദിച്ച ഉദ്യോഗസ്ഥരെയും സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ലാന്റ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമുളള നടപടി സ്വീകരിക്കുന്നതിനും അതോടൊപ്പം മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരമുളള അടിയന്തര നടപടി സ്വീകരിക്കുന്നതിനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ചിട്ടുളള പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിനും വ്യാജ പട്ടയങ്ങള്‍ കണ്ടെത്തുന്ന പക്ഷം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കി. ഈ പ്രദേശം High Hazard Zone-ല്‍ ഉള്‍പ്പെട്ടതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച NOCകള്‍ പരിശോധിച്ച് റദ്ദാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഈ കയ്യേറ്റത്തിന് കൂട്ടു നിന്നു എന്ന ചെന്നിത്തലയുടെ ആരോപണം വാസ്തവ വിരുദ്ധമാണ്. സബ്മിഷനില്‍ ഉന്നയിച്ചത് പോലെ സിബി ജോസഫ് എന്ന വ്യക്തി ഈ വിഷയുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയ്ക്ക് ഒരു പരാതിയും സമര്‍പ്പിച്ചിട്ടില്ല. ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് ലഭിക്കുന്നതിന് 2016-ല്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയില്‍ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും മകളുടെ വിവാഹ ആവശ്യത്തിന് ഭൂമി വില്‍ക്കുന്നതിനായി ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് നല്‍കണമെന്നും മൈജോ ജോസഫ് എന്നയാളുടെ പരാതി ലഭിച്ചപ്പോള്‍ സാധാരണ എല്ലാ പരാതിയിലും ചെയ്യുന്നതു പോലെ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ പരാതിയില്‍ തന്നെ ഒരു മേലെഴുത്ത് രേഖപ്പെടുത്തി ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കുക മാത്രമാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നും ചെയ്തിട്ടുളളത്. ഇത് നല്‍കിയത് റവന്യൂ മന്ത്രിയുടെ പൊതുജന പരാതി പരിഹാര പോര്‍ട്ടലായ റവന്യൂ മിത്രം പോര്‍ട്ടലിലൂടെയാണ്. ഇതല്ലാതെ ഏതെങ്കിലും പ്രത്യേക ഉത്തരവുകളോ നിര്‍ദ്ദേശങ്ങളോ റവന്യൂ മന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയിട്ടില്ല.

Also Read: ‘സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കമ്മിറ്റിയെ വെക്കുന്നത് ഇന്ത്യയിൽ ആദ്യം; വന്ന എല്ലാ പരാതികളിലും സർക്കാർ നടപടിയെടുത്തിട്ടുണ്ട്…’: മന്ത്രി സജി ചെറിയാൻ

കൈയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കണ്ട് നടപടി സ്വീകരിക്കുന്ന സര്‍ക്കാരാണിത്. കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് നിയമഭേദഗതിയുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമ്പോഴും കൈയ്യേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെയുളള നടപടി സ്വീകരിക്കുന്നതിനുമുളള ഇച്ഛാശക്തി സര്‍ക്കാരിനുണ്ട്. സംസ്ഥാനത്ത് പുരോഗമിച്ച് വരുന്ന ഡിജിറ്റല്‍ സര്‍വ്വേയിലൂടെ സര്‍ക്കാര്‍ ഭൂമിയിലുള്ള മുഴുവന്‍ കൈയ്യേറ്റവും കണ്ടെത്താന്‍ കഴിയും. അത്തരത്തില്‍ കണ്ടെത്തുന്ന മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News