എത്ര പുണ്യഭൂമിയിൽ തപസ്സിരുന്നാലും, എത്ര വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിച്ചാലും തീവ്ര ഹിന്ദുത്വവാദിളുടെ കയ്യിൽ പതിഞ്ഞുപോയ നിരപരാധികളുടെ രക്തക്കറ മാഞ്ഞു പോവുകയില്ല. പ്രാണ പ്രതിഷ്ഠയുടെ ആഘോഷങ്ങളിൽ അവർ ആഹ്ളാദിക്കുന്ന ഇതേ ദിവസമാണ് ക്രിസ്ത്യൻ മിഷനറി പ്രവർത്തകൻ ഗ്രഹാം സ്റ്റൈൻസിനെയും കുടുംബത്തെയും അതിക്രൂമായി തീവ്ര ഹിന്ദുത്വവാദികൾ ചുട്ടുകൊന്നത്. എത്രയൊക്കെ പ്രതിഷ്ഠകൾ നടത്തിയാലും തച്ചുതകർത്തതിന്റെയും ചുട്ടെരിച്ചതിന്റെയും കണക്ക് കാലം സൂക്ഷിക്കുക തന്നെ ചെയ്യും.
മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും ചുട്ടുപൊള്ളുന്ന ഓര്‍മകള്‍ക്ക് ഇന്ന് 25 വർഷം തികയുകയാണ്. ലോകം നടുങ്ങിയ കൊടുംക്രൂരതയ്ക്കു രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും മതവൈര്യം രാജ്യത്ത് തുടരുകയാണ്. ഇതേ ദിനം തന്നെയാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്ക് സംഘപരിവാർ തെരഞ്ഞെടുത്തതെന്നത് ഇന്ത്യൻ മതേതരത്വത്തിനേറ്റ ക്ഷതം തന്നെയാണ്.
മതത്തിന്‍റെ പേരിൽ 1999 ജനുവരി 22 നാണ് ആസ്‌ത്രേലിയന്‍ ക്രിസ്ത്യന്‍ മതപ്രചാരകനായ ഗ്രഹാം സ്‌റ്റെയിന്‍സും മക്കളും ഒഡീഷയിലെ ബാരിപാഡയില്‍ വാഹനത്തില്‍ ചുട്ടുകൊല്ലപ്പെട്ടത്. ബാല്യകാല സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് ഹിന്ദുത്വ വാദികൾ ഈ കൊടുംക്രൂരത നടത്തിയത്. ബാരിപാഡയിലെ കുഷ്ഠരോഗികളെ സേവിക്കുന്നതില്‍ വ്യാപൃതനായ ഗ്രഹാം സ്റ്റെയിന്‍സ് പ്രസംഗത്തിലൂടെയും മറ്റും ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വവാദികള്‍ അദ്ദേഹത്തേയും കുടുംബത്തേയും ചുട്ടുകൊന്നത്.
രാജ്യം നടുങ്ങിയ കൊടുംക്രൂരതയ്ക്കു നേതൃത്വം നല്‍കിയത് അന്ന് ബജറംഗ്ദള്‍ പ്രവര്‍ത്തകനായ ദാരാ സിങാണ്. പശു സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ആര്‍എസ്എസ്, ബിജെപി എന്നിവയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് കേസിലെ മുഖ്യപ്രതി. ഹിന്ദുമതം സംരക്ഷിക്കാൻ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്ന പാരമ്പര്യം വർത്തമാനകാല ഇന്ത്യയിലും തുടരുകയാണ്. മതനിരപേക്ഷതയെ നോക്കുകുത്തിയാക്കി ബാബറി മസ്ജിദ് പൊളിച്ച് തൽസ്ഥാനത്ത് രാമക്ഷേത്രം പണിത് രാജ്യം ഇന്ന് ലോകത്തിന് മുന്നിൽ തലകുനിക്കുമ്പോൾ ഗ്രഹാം സ്റ്റെയിൻസിനേയും കുടുബത്തേയും അനുസ്മരിക്കാതെ കടന്നുപോകാനാകില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here