ഇടുക്കി ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സർവ്വിസിൽ നിന്നും സസ്പെൻഡ് ചെയ്‌തു. ചിന്നക്കനാലിൽ റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയതിനെ തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താനെ സസ്‌പെൻഡ് ചെയ്‌തത്. ഹൈക്കോടതി ഉത്തരവിനെ മറികടന്നാണ് സെക്രട്ടറി പ്രവർത്തന അനുമതി നൽകിയത്.
നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ 57 കെട്ടിടങ്ങൾക്കാണ് റവന്യു വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയത്. റവന്യു വകുപ്പിന്റെ നടപടി നേരിട്ട കെട്ടിടങ്ങളിൽ യാതൊരുവിധ പ്രവർത്തനങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി വിധിയുമുണ്ടായി.
ഇതിൽ ഉൾപ്പെട്ട ചിന്നക്കനാൽ പഞ്ചായത്തിലെ 7 കെട്ടിടങ്ങൾക്കാണ് പഞ്ചായത്ത് സെക്രട്ടറി മധുസൂധനൻ ഉണ്ണിത്താൻ വീണ്ടും പ്രവർത്തനാനുമതി നൽകിയത്.
പ്രവർത്തന അനുമതി പുറത്തുവന്നതോടെ തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ ഡയറക്‌ടർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. വിജിലൻസ് റിപ്പോർട്ടിൽ ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്‌തത്. ഹൈക്കോടതി വിധിയെപ്പറ്റി അറിവില്ലായിരുന്നുവെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഈ വിഷയത്തിൽ നൽകിയ വിശദീകരണം. എന്നാൽ ഈ കെട്ടിടങ്ങൾക്ക് മെമ്മോ നൽകിയതും ഇതേ സെക്രട്ടറിയാണെന്നതാണ് വസ്തുത. സെക്രട്ടറിയോട് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദേശം നല്കിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here