‘കൈപിടിച്ച് നടത്തിയവന്‍ ആകാശയാത്ര ഒരുക്കിയപ്പോള്‍’; ഒരു സര്‍പ്രൈസ് കഥ വൈറല്‍

എല്ലാവര്‍ക്കും ഒരു കുഞ്ഞു സ്വപ്‌നമെങ്കിലും ഉണ്ടാവും. ആ സ്വപ്‌നം അപ്രതീക്ഷിതമായി സഫലമാകുമ്പോഴാണ് അതെത്ര മധുരമായ അനുഭവമാണെന്ന് മനസിലാവുന്നതും. കോഴിക്കോട് താനാളൂര്‍ അരീക്കാട് വടക്കേതില്‍ എന്തു ഹാജിയും ഭാര്യ കുഞ്ഞായിശയും കുറച്ചുനാളായി മനസില്‍ കൊണ്ടുനടന്ന ഒരാശ, അത് പൂവണിഞ്ഞിരിക്കുകയാണ്. 88കാരന്‍ എന്തുഹാജിയും 78കാരിയായ ഭാര്യയും നിരവധി വിമാന യാത്രകള്‍ നടത്തിയിട്ടുണ്ട്. പക്ഷേ ഈ പ്രായത്തില്‍ യാത്ര അത്ര സുഖകരമായിരിക്കില്ലെന്ന് ഇരുവര്‍ക്കും അറിയാം. എങ്കിലും പൈലറ്റാകാന്‍ പഠിച്ച കൊച്ചുമകന്‍ ജോലിയില്‍ കയറിയതോടെ അവന്‍ പറത്തുന്ന വിമാനത്തിലൊരു യാത്ര ഇരുവരും അതിയായി ആഗ്രഹിച്ചു. ആ ആഗ്രഹം അവര്‍ കൈപിടിച്ച് നടത്തിയ കൊച്ചുമകന്‍ അഹമ്മദ് നസീം എന്ന തങ്ങളുടെ പ്രിയപ്പെട്ട നസിയോട് പറയുകയും ചെയ്തു.

ALSO READ: “പിആർഎസ് വായ്പയുടെ തിരിച്ചടവിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ല”: മന്ത്രി ജിആർ അനിൽ

നസിയുടെ ഉമ്മ സമീറയുടെ മാതാപിതാക്കളാണ് എന്തുഹാജിയും ഭാര്യയും. ഇരുവരും തങ്ങളുടെ നസിമോനോട് പറഞ്ഞ ആഗ്രഹം അവന്‍ ഹൃദയത്തില്‍ സൂക്ഷിച്ചു. താനെന്ന് പൈലറ്റായി ജോലിയില്‍ കയറുന്നോ അന്ന് ആ ആഗ്രഹം സാധിച്ചു നല്‍കണമെന്ന് നിശ്ചയിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ പൈലറ്റ് ലൈസന്‍ നേടി എയര്‍ അറേബ്യയില്‍ നസി ജോലിക്കു കയറി. പിന്നെ ഒട്ടും താമസിച്ചില്ല ആദ്യത്തെ യാത്ര കോഴിക്കോട് നിന്നും ഷാര്‍ജയിലേക്കുള്ളത് ചോദിച്ചു വാങ്ങി. തന്റെ പദ്ധതി കമ്പനി അധികൃതരെ അറിയിച്ചപ്പോള്‍ അവര്‍ക്കും പൂര്‍ണ സമ്മതം. സ്വന്തം ഉമ്മയെ പോലും അറിയിക്കാതെ വല്ല്യുപ്പക്കും വല്ല്യുമ്മക്കും ടിക്കറ്റും വിസയും ശരിയാക്കി. വിമാനത്തില്‍ മുന്‍നിരയില്‍ തന്നെ ഇരിപ്പിടവും വീല്‍ ചെയറടക്കമുള്ള സൗകര്യങ്ങളുമെല്ലാം ഒരുക്കി. പക്ഷേ താനായിരിക്കും പൈലറ്റ് എന്നത് അവര്‍ക്ക് സര്‍പ്രൈസാക്കി വയ്ക്കുകയും ചെയ്തു.

ALSO READ: പ്രാര്‍ഥന ഫലിച്ചില്ല; ക്ഷേത്രത്തിന് നേരെ ബോംബേറ്; പ്രതി പിടിയിൽ

യാത്ര പുറപ്പെടുന്നതിന് മുമ്പായുള്ള അനൗണ്‍സ്‌മെന്റ് സമയം വന്നെത്തി, വിമാനത്തില്‍ എന്റെ വല്ല്യുപ്പയും വല്ല്യുമ്മയുമുണ്ടെന്ന് നസി പറഞ്ഞതോടെയാണ് തങ്ങളുടെ കൊച്ചുമകനാണ് പൈലറ്റെന്ന് ഇരുവരും അറിയുന്നത്. കൊച്ചുമോന്‍ നിയന്ത്രിക്കുന്ന വിമാനത്തില്‍ യാത്ര ചെയ്യണമെന്ന ആഗ്രഹ സാഫല്യം ഇരുവരുടെയും കണ്ണുകളെ ഈറനണിയിച്ചു. അനൗണ്‍സ്‌മെന്റ് കേട്ട സഹയാത്രികര്‍ ഹര്‍ഷാരവത്തോടെയാണ് ഇവരെ സ്വീകരിച്ചത്. നസിയുടെ പിതാവ,് സംഗീത അധ്യാപകനായ ഒഴൂര്‍ അയ്യായ ചോലക്കപ്പുളിക്കപ്പറമ്പില്‍ നാസര്‍ കുടുംബസമേതം ഷാര്‍ജയിലാണ് താമസം. ഷാര്‍ജയില്‍ തന്നെ ആര്‍ക്കിടെക്റ്റായി ജോലി നോക്കുന്ന ഷാന നസ്‌റിനും വിദ്യാര്‍ഥിനിയായ ഷാദിയയും സഹോദരിമാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here