കോന്നി കല്ലേലിയിൽ ചെളിക്കുഴി കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയിൽ കല്ലറ ഇളക്കിമാറ്റി വെള്ളരിക്കയും തകിടും നിക്ഷേപിച്ച സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. പൂവൻപാറ റഹ്‌മാനിയ മൻസിലിൽ സൈനിധീൻ മൗലവിയാണ് കോന്നി പോലീസിന്റെ അന്വേഷണത്തിൽ പിടിയിലായത്. കോന്നിയിലെയും സമീപ പ്രദേശങ്ങളിലെയും മുസ്‌ലിം പള്ളികളിൽ മൗലവിയായി ഇയാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അറബി ചികിത്സാ കേന്ദ്രം നടത്തുന്ന ഇയാൾ, വാഴമുട്ടം സ്വദേശിയായ ഒരു വീട്ടമ്മയുടെ ആവശ്യപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസിനോട് സമ്മതിച്ചു. കല്ലേലി എസ്റ്റേറ്റിലെ തൊഴിലാളിയായ ഈ സ്ത്രീയുടെ മകന്റെ രഹസ്യബന്ധം ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു ദുഷ്കർമ്മം ചെയ്തു നൽകണമെന്ന് മൗലവിയോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരം മൗലവി വെള്ളരിയും അറബി സൂക്തങ്ങൾ എഴുതിയ തകിടുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഉൾപ്പെടെ വീട്ടമ്മയെ ഏൽപ്പിച്ചു. ഇത് ഏതെങ്കിലും കല്ലറയിൽ നിക്ഷേപിക്കാനും നിർദ്ദേശം നൽകി. വീട്ടമ്മക്കായി തെരച്ചിൽ തുടരുകയാണ്. പിടിയിലായ പ്രതിയെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിടുമെന്ന് കോന്നി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സി ദേവരാജൻ പറഞ്ഞു.
പള്ളി സെമിത്തേരിയിലെ നെടുവുംപുറത്ത് വടക്കേതിൽ കെവി വർഗീസിന്റെ കല്ലറ പൊളിച്ചാണ് തകിടും, വെള്ളരിയുമുൾപ്പെടുന്ന വസ്തുക്കൾ നിക്ഷേപിച്ചത്. 18 ആം ചരമവാർഷികം ആചരിക്കുന്നതിനു മുന്നോടിയായി കല്ലറ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. ബന്ധുക്കളാണ് ഈ വിവരം പോലീസിനെ അറിയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here