തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിച്ചു. ഇതോടെ സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതാ കുറ്റവാളിയായി ഗ്രീഷ്മ മാറി. നിലവിൽ ഒരു വനിതാ കുറ്റവാളി മാത്രമാണ് വധശിക്ഷ കാത്ത് സംസ്ഥാനത്ത് ജയിലിൽ കഴിയുന്നത്. വിഴിഞ്ഞത്ത് ശാന്തകുമാരി എന്ന വയോധികയെ മോഷണത്തിനായി കൊന്ന് ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതി റഫീഖ ബീവി. ഈ പട്ടികയിലേക്കാണ് ഗ്രീഷ്മ കൂടി ചേരുന്നത്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് ഈ രണ്ടു കേസുകളിലും വിധി പറഞ്ഞത് എന്നതും ശ്രദ്ധേയമായി.
11 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഷാരോൺ മരണത്തോട് മല്ലിട്ടുവെന്ന് വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതി പറഞ്ഞു. ഗ്രീഷ്മ കൊലപാതകത്തിന് പദ്ധതിയിട്ട കാര്യം ഷാരോണിന് അറിയില്ലായിരുന്നു. സ്നേഹക്കുന്ന ഒരാളെയും വിശ്വസിക്കാൻ കഴിയില്ലെന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. ഷാരോണിന്റെ ഭാഗത്ത് നിന്ന് മാനസിക സംഘർഷം ഉണ്ടായിരുന്നു എന്നാണ് ഗ്രീഷ്മ പറഞ്ഞതെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.
Also Read : ഷാരോണ്‍ വധക്കേസ്; കൊലയാളി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി.
556 പേജുള്ള വിധി പകർപ്പാണ് ഷാരോൺ വധക്കേസിൽ തയ്യാറാക്കിയത്. സാഹചര്യ തെളിവ് നല്ല രീതിയിൽ ഉപയോഗിച്ചു. കുറ്റകൃത്യം ചെയ്ത അന്നു മുതൽ പൊലീസ് പിടിക്കുന്നത് വരെ തെളിവുകൾ താൻ തന്നെ ചുവന്നു നടക്കുകയായിരുന്നു വെന്ന് പ്രതി അറിഞ്ഞില്ല. പാരസെറ്റാമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തിയത് തെളിഞ്ഞതായും കോടതി വ്യക്തമാക്കി.
2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here