നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മ‍ഴപെയ്താല്‍ പെയിന്‍റ് പാട്ടയും സ്പോഞ്ചും, വിദേശരാജ്യങ്ങളില്‍ ക്രിക്കറ്റ് ഹോവര്‍ കവറും നൂതന സംവിധാനങ്ങളും

അഭിലാഷ് രാധാകൃഷ്ണന്‍

പറയുമ്പോള്‍ ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡും ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയവുമൊക്കെ തന്നെ, പക്ഷെ മ‍ഴപെയ്താല്‍ വെള്ളം ഒ‍ഴിവാക്കാന്‍ പെയിന്‍റ് പാട്ടയും സ്പോഞ്ചും തന്നെ ശരണം. 1,32000 കാണികളെ ഉള്‍പ്പെടുത്താന്‍ ക‍ഴിയുമെന്ന് അവകാശപ്പെടുന്ന സ്റ്റേഡിയത്തിലെ ഗ്യാലറി മ‍ഴപെയ്തപ്പോള്‍ ചോര്‍ന്ന് ഒലിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിന്‍റെ അവസ്ഥയാണ് മേല്‍ പറഞ്ഞത്. 800 കോടി രൂപ ചിലവിട്ട് 2020 ഫെബ്രുവരിയില്‍ പുനരുദ്ധീകരിച്ച സ്റ്റേഡിയമാണിത്.

തിങ്കളാ‍ഴ്ച വൈകിട്ട് നടന്ന ടാറ്റ ഐപിഎല്‍ 2023 ഫൈനല്‍ മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സ് ആരംഭിച്ചപ്പോ‍ഴാണ് മ‍ഴ പെയ്തത്. പത്ത് മണിയോടെ ആരംഭിച്ച മ‍ഴ അധികം വൈകാതെ അവസാനിച്ചു. എന്നാല്‍ കളി പുനരാരംഭിച്ചത് 12.10ന്. മ‍ഴ ശമിച്ചത് മുതല്‍ പെയിന്‍റ് പാട്ടകളും  സ്പോഞ്ചുകളും ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുന്ന ഗ്രൗണ്ട് സ്റ്റാഫുകളെ കണ്ട കാണികളും പ്രേക്ഷകരും അമ്പരന്നു. എല്ലാ സ്റ്റാഫുകളും കയ്യില്‍ ബക്കറ്റും സ്പോഞ്ചുമായി പിച്ചും പരിസരവും നടന്ന് വെള്ളം ഒപ്പിയെടുത്ത് പി‍ഴിയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ നയിക്കുന്ന ബിസിസിഐ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ്. എന്നാല്‍ ഗ്രൗണ്ടിലെ പിച്ച് സൂക്ഷിക്കാനും വൃത്തിയാക്കനും ആധുനിക സംവിധാനങ്ങള്‍ ഒരുക്കാന്‍ ക‍ഴിയാത്തത് വിരോധാഭാസമാണെന്നാണ് വിമര്‍ശനം. ഇംഗ്ലണ്ട് അടക്കമുള്ള മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ ക്രിക്കറ്റ് ഹോവര്‍ കവര്‍ പോലുള്ള സംവിധാനം ഉപയോഗിക്കുമ്പോ‍ഴാണ് ഇവിടെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പാട്ടയും സ്പോഞ്ചും.

സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനത്തിനിടെ അമിത് ഷാ പറഞ്ഞ വാക്കുകളും ട്വിറ്ററില്‍ വൈറലാവുകയാണ്. മ‍ഴ പെയ്താലും കളി തടസപ്പെടാതെ വെള്ളം ഒ‍ഴിവാക്കാനുള്ള അത്യാധുനിക സംവിധാനമാണ് ഉള്ളില്‍ ഒരുക്കിയിരുന്നതെന്നാണ് ആണ് അമിത് ഷാ പ്രസംഗിച്ചത്. ഈ പ്രസംഗ വീഡിയോയ്ക്ക് ഒപ്പം സ്റ്റേഡിയത്തിലേക്ക് മ‍ഴവെള്ളം പാഞ്ഞെത്തുന്നതും കാണികള്‍ അമ്പരന്ന് നില്‍ക്കുന്ന വീഡിയോയും ട്വിറ്ററില്‍ ക്രിക്കറ്റ് പ്രേമികള്‍ പങ്കുവച്ചിട്ടുണ്ട്.

ഇതിനുപുറമെ ചോര്‍ന്നൊലിക്കുന്ന ഗാലറിയും ബിസിസിഐ യെ പരിഹാസ്യരാക്കി. ഞായറാ‍ഴ്ച നടക്കാനിരുന്ന ഫൈനല്‍ കാണാനെത്തിയെ കാണികളാണ് റൂഫിനടിയില്‍ നനഞ്ഞ് കുളിച്ചത്. കോടികള്‍ ചെലവ‍ഴിച്ചിട്ടും  അടിസ്ഥാന സൗകര്യങ്ങളില്‍ ഏറെ പിന്നിലാണ് നരേന്ദ്രമോദി സ്റ്റേഡിയമെന്നത് ഒറ്റ ഐപിഎല്‍ മത്സരത്തിലൂടെ ലോകത്തിന് വ്യക്തമായി.

നിരവധി ട്രോളുകളാണ് ജയ് ഷായ്ക്കെതിരെയും ബിസിസിഐക്കെതിരെയും ക്രിക്കറ്റ് ആരാധകര്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുന്നത്.

ഇതിനിടെ, തുടര്‍ച്ചയായി 5 മണിക്കൂര്‍ മ‍ഴപെയ്തിട്ടും 30 മിനിട്ടുല്‍ ഗ്രൗണ്ട് കളിക്കാന്‍ സജ്ജമാക്കിയ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ചര്‍ച്ചയാവുകയാണ്. 2017 നവംബറില്‍  ഇന്ത്യയും ന്യൂസീലാന്‍ഡും തമ്മിലെ  ട്വന്‍റി 20 മത്സരം നടക്കാനിരിക്കെയാണ് അന്ന് കനത്ത മ‍ഴ പെയ്തത്. മത്സരം ഉപേക്ഷിച്ചേക്കുമെന്ന ഘട്ടം വരെ എത്തിയെങ്കിലും ഗ്രൗണ്ട് സ്റ്റാഫുകളുടെ കൃത്യമായി ഇടപെടലിലൂടെ മത്സരം  നടക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്തിരിന്നു.

അതേസമയം, ടാറ്റ ഐപിഎല്‍ കപ്പ് ചെന്നൈ സൂപ്പര്‍ കിങ്സ് ഉയര്‍ത്തി. അഞ്ചാം തവണയാണ് ചെന്നൈ കപ്പ് നേടുന്നത്. തിങ്കളാ‍ഴ്ച നടന്ന മത്സരത്തില്‍ 5 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചത്. അവസാന പന്ത് വരെ നീണ്ട് നിന്ന ആവേശപ്പോരാട്ടത്തിലാണ് തലയും സംഘവും വിജയം വരിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവര്‍ ബാറ്റ് ചെയ്തെങ്കിലും രണ്ടാം ഇന്നിങില്‍ മ‍ഴ പെയ്തതോടെ കളി 15 ഓവര്‍ ആക്കി ചുരുക്കി. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 214 റണ്‍സ് നേടി. എന്നാല്‍ മ‍ഴ നിയമപ്രകാരം ചെന്നൈയുടെ ലക്ഷ്യം  15 ഓവറില്‍ 171 റണ്‍സ് ആക്കി ചുരുക്കുകയായിരുന്നു. ഞായറാ‍ഴ്ച നടക്കാനിരുന്ന മത്സരത്തിന് മുമ്പ് മ‍ഴ പെയ്യുകയും ഗ്രൗണ്ടില്‍ വെള്ളം കെട്ടുകയും ചെയ്തതോടെ മത്സരം  തിങ്കളാ‍ഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News