എം എം ഹസനെ അപമാനിച്ചു; സുധാകരനെതിരെ ഹൈക്കമാന്റിനെ സമീപിക്കാനൊരുങ്ങി എ ഗ്രൂപ്പ്

കെപിസിസി അധ്യക്ഷന്‍ സുധാകരനെതിരെ ഹൈക്കമാന്റിനെ സമീപിക്കാനൊരുങ്ങി എ ഗ്രൂപ്പ്. ലത്തീഫിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി റദ്ദാക്കിയത് ഹസനെ അപമാനിക്കാനാണെന്നും മുതിര്‍ന്ന നേതാവിനെ സുധാകരന്‍ അപമാനിച്ചെന്നും എ വിഭാഗം ആരോപിച്ചു. അതേസമയം ഹസന്റെ തീരുമാനം കൂടിയാലോചനയില്ലാതെയെന്ന് സുധാകരനും പ്രതികരിച്ചു.

താന്‍ ദില്ലിയിലേക്ക് പോകുകയാണെന്നും ഹൈക്കമാന്റിനെ നേരിട്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു. മറുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നില്ലെന്നും കെപിസിസി നേതൃയോഗം വിളിക്കാനാകുന്നില്ലെന്നും സുധാകരന്‍ ആരോപിച്ചു. നിശ്ചയിച്ച യോഗം മാറ്റിവയ്‌ക്കേണ്ടി വന്നുവെന്നും നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും സുധാകരന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആക്ടിംഗ് കെപിസിസി അധ്യക്ഷനായിരുന്ന എം എം ഹസന്റെ തീരുമാനം കെ സുധാകരന്‍ റദ്ദാക്കിയിരുന്നു. കെപിസിസി മുന്‍ സെക്രട്ടറി എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ റദ്ദാക്കുകയായിരുന്നു. എം എം ഹസന്‍ കെപിസിസി പ്രസിഡന്റിന്റെ താല്‍കാലിക ചുമതല വഹിച്ചപ്പോഴാണ് ലത്തീഫിനെ തിരിച്ചെടുത്തത്. ഈ തീരുമാനമാണ് ഇപ്പോള്‍ കെ സുധാകരന്‍ റദ്ദാക്കിയത്.

ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫ് ആണെന്നായിരുന്നു പാര്‍ട്ടി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി മുതലപ്പൊഴി സന്ദര്‍ശനം തടയാന്‍ എം എ ലത്തീഫ് നിര്‍ദേശം നല്‍കിയെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍. ഇത്തരം ഒരാളെ പാര്‍ട്ടിയില്‍ തിരിച്ച് എടുത്തതാണ് കെ സുധാകരനെ പ്രകോപിപ്പിക്കാന്‍ കാരണം എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News