അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള വനംവകുപ്പ് സംഘങ്ങളെ രൂപീകരിച്ചു. എട്ട് സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. ദേവികുളത്ത് ഇന്ന് ചേർന്ന വനംവകുപ്പ് യോഗത്തിലാണ് തീരുമാനം.
സിസിഎഫ്മാരായ നരേന്ദ്ര ബാബു, ആർഎസ് അരുൺ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന ദൗത്യം നടക്കുക. എട്ട് സംഘങ്ങൾക്കും ചെയ്യേണ്ട ജോലികൾ ഡോക്ടർ അരുൺ സഖറിയ യോഗത്തിൽ വിശദീകരിച്ചു നൽകി. ദൗത്യത്തിനു വേണ്ടിയുള്ള ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ സംഘത്തിന്റെയും തലവന്മാർ നിൽക്കേണ്ട സ്ഥലവും നിശ്ചയിച്ചു. മയക്കുവെടി വച്ച് പിടികൂടിയാൽ അരികൊമ്പനെ കൊണ്ടുപോകാനുള്ള ബലപ്പെടുത്തിയ വാഹനവും തയ്യാറാണ്.
അതേസമയം, 29ന് കോടതിവിധി അനുകൂലമായാൽ മുപ്പതിന് രാവിലെ നാലുമണിക്ക് ദൗത്യം തുടങ്ങാനാണ് വനംവകുപ്പിന്റെ തീരുമാനം. അരിക്കൊമ്പൻ നിലവിൽ ദൗത്യ മേഖലയായ സിമൻറ് പാലത്തിന് സമീപമാണ് ഉള്ളത്. പെരിയ കനാൽ എസ്റ്റേറ്റ് മേഖലയിലേക്ക് അരിക്കൊമ്പൻ തിരികെ പോകാതിരിക്കാനുള്ള നടപടികൾ വനംവകുപ്പ് തുടങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here