പി എന്‍ പണിക്കര്‍ എന്ന വായനയുടെ വഴികാട്ടി

“വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക ” എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് മലയാളിയോട് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത വ്യക്തിയാണ് കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി എന്‍ പണിക്കര്‍. അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂൺ 19നാണ് നാം വായനാദിനമായി ആചരിക്കുന്നത്. കേരള സർക്കാർ ഔദ്യോഗികമായി 1996മുതൽ പിഎൻ പണിക്കരുടെ ചരമദിനം വായനദിനമായി പ്രഖ്യാപിച്ചു. കേരളത്തെ പിന്തുടർന്ന് 2017 മുതൽ കേന്ദ്ര സർക്കാറും ഈ ദിനത്തെ ദേശീയ വായനാദിനമായി പ്രഖ്യാപിച്ചത് സാക്ഷരതയുടെയും വിജ്ഞാനത്തിന്റെയും കാര്യത്തിലുള്ള നമ്മുടെ അഭിമാനനേട്ടമാണ്. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നുണ്ട്.

ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ 1909 മാർച്ച് 1 ന് ജനിച്ച പി എൻ പണിക്കര്‍ തന്റെ പതിനേഴാം വയസില്‍ സനാതനധര്‍മ്മം എന്ന പേരില്‍ ഒരു വായനശാല സ്ഥാപിച്ച് കൊണ്ടാണ് അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ചാണ് അദ്ദേഹം ജന്മനാട്ടിൽ ‘സനാതനധർമം’ വായനശാല ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ച് “വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക” എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തുഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. പിന്നീട് അതിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

മലയാളം ഹയര്‍ പരീക്ഷ പാസായശേഷം നീലംപേരൂര്‍ മിഡില്‍ സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്യവെ സനാതന ധര്‍മവായനശാലയുടെയും പി കെ മെമ്മോറിയന്‍ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായി.1945 സെപ്റ്റംബറിൽ പണിക്കർ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ തിരുകൊച്ചി ഗ്രന്ഥശാലാസംഘമാണ് പിന്നീട് ഐക്യകേരളത്തിൻ്റെ രൂപീകരണത്തിന് ശേഷം കേരള ഗ്രന്ഥശാലാ സംഘമായത്.’

നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിയായ കാൻഫെഡിന് (KANFED – Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർകോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. “വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക” എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.

ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ അനൗപചാരിക വിദ്യാഭ്യാസ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്റെ സെക്രട്ടറിയായും സ്‌റ്റേറ്റ് റിഡേഴ്‌സ് സെന്ററിന്റെ ഓണററി എക്‌സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും അദ്ദേഹം വഹിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി 2004 ജൂണ്‍ 19ന് രാജ്യം അഞ്ചു രൂപയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. 1995 ജൂണ്‍ 1-ന് രോഗബാധിതനായി തിരുവനന്തപുരത്തുവെച്ച് പിഎൻ പണിക്കർ അന്തരിച്ചു.

also read; മലയാളിയെ വിവാഹം ക‍ഴിച്ച് സൗത്ത് ആഫ്രിക്കന്‍ സ്വദേശിനി, ചടങ്ങ് പള്ളിക്കാവ് ക്ഷേത്രത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News