കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് എന്നത് ഉത്തരം മുട്ടലിന്റെ പ്രതീകമായി പണ്ടേയുള്ള ചൊല്ലാണ്. സമാനമായ ഒരു ചോദ്യം ഇപ്പോള്‍ ഗുജറാത്ത് ഹൈക്കോടതിയിലും ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴി പക്ഷിയോണോ മൃഗമാണോ എന്നതാണ് ഉയരുന്ന ചോദ്യം. കടകളില്‍ കോഴിയെ കൊല്ലുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്നു വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസാ മഹാ സംഘ് എന്നീ സന്നദ്ധ സംഘടനകള്‍ ഗുജറാത്ത് ഹൈക്കോടതി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഇത്തരം ആശയക്കുഴപ്പം ഉടലെടുത്തിരിക്കുന്നത്.
മൃഗങ്ങളെ കശാപ്പുശാലകളില്‍ വച്ചുമാത്രമേ അറവ് നടത്താവു എന്ന ഗുജറാത്ത് ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചാണ് സന്നദ്ധ സംഘടനകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഈ വിധി ചൂണ്ടിക്കാണിച്ച് സൂറത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഇറച്ചിക്കോഴി വില്‍ക്കുന്ന പല കടകളും അടച്ചിരുന്നു. ഇറച്ചി വില്‍പ്പനക്കാരുടെ സംഘടനയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്തായാലും കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയെന്താവും എന്നതാണ് എല്ലാവരും കൗതുകത്തോടെ കാത്തിരിക്കുന്നത്. കോഴിയെ മൃഗമായി പരിഗണിക്കുമെന്നാണ് കോടതിയുടെ വിധിയെങ്കില്‍ കോഴിക്കടകള്‍ ഇനി തുറക്കാന്‍ കഴിയില്ല. കശാപ്പ് ശാലകളില്‍ മാത്രമേ കോഴിയെ കൊല്ലാന്‍ സാധിക്കുകയുള്ളു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here