മഹാരാഷ്ട്രയിലാണ് എച്ച്3എന്‍2 ബാധിച്ച എഴുപത്തി മൂന്നുകാരന്‍റെ മരണം സ്ഥിരീകരിച്ചത്. പൂനയിലെ ചിഞ്ചുവാഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ആളാണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖം കൂടി ഉണ്ടായിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രോഗ പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ക്കാണ് എച്ച്3എന്‍2 ഭീഷണിയാവുന്നത്. നേരത്തെ കര്‍ണാടകത്തിലും ഹരിയാനയിലും ഗുജറാത്തിലും മരണങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ എഴുപത്തി മൂന്നുകാരന്‍റെ മരണത്തോടെ ഇതുവരെ എച്ച്3എന്‍2 ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
മഹാരാഷ്ട്രയില്‍ ഇതുവരെ 352 പേര്‍ക്ക് എച്ച്3എന്‍2 സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി തനജ് സാവന്ദ് അറിയിച്ചു.
രാജ്യത്താകെ 5451 പേര്‍ക്കാണ് ഇതുവരെ എച്ച്3എന്‍2 രോഗം സ്ഥിരീകരിച്ചത്. കൊവിഡിന് സമാനമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് എച്ച്3എന്‍2വിനും വേണ്ടത്. മാസ്ക് ധരിക്കുകയും സാനിറ്റൈസര്‍ വീണ്ടും നിര്‍ബന്ധമാക്കുകയും ചെയ്യണമെന്നും ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നു. വൃദ്ധജനങ്ങളിലും ഗര്‍ഭിണികളിലും കുട്ടികളിലുമാണ് രോഗം കൂടുതലായും ബാധിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ രോഗവ്യാപനം കുറയുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൂട്ടല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here