അവസാന ഹജ്ജ് വിമാനം വ്യാഴാഴ്ച രാവിലെ 8.50ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്നതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ തീർഥാടനം സമാപിക്കും.19 ദിവസം നീണ്ടുനിന്ന തീർഥാടനത്തിൽ 11,252 പേരാണ് യാത്രതിരിച്ചത്. ഇതിൽ 4353 പുരുഷൻമാരും 6899 സ്ത്രീകളുമാണ്. ഏറ്റവും കൂടുതൽ തീർഥാടകർ പുറപ്പെട്ടത് കരിപ്പൂരിൽനിന്നാണ്. 7045 പേർ. ഇതിൽ 4370 പേർ സ്ത്രീകളാണ്. 69 വിമാനങ്ങൾ ഈ വർഷം സർവീസ് നടത്തി. കരിപ്പൂർ, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് എയർ ഇന്ത്യാ എക്സ്പ്രസും നെടുമ്പാശേരിയിൽനിന്ന് സൗദി എയർലൈൻസുമാണ് സർവീസ് നടത്തിയത്. കരിപ്പൂരിൽ എംബാർക്കേഷൻ പോയിന്റ് തിരിച്ചുകൊണ്ടുവരാനും കണ്ണൂരിനെ എംബാർക്കേഷൻ പോയിന്റാക്കാനും സംസ്ഥാന സർക്കാരിനും ഹജ്ജ് കമ്മിറ്റിക്കും സാധിച്ചു. സമയക്ലിപ്തത പാലിച്ച് വിമാനങ്ങൾ സർവീസ് നടത്തിയതും തീർഥാടകർക്ക് ഏറെ ആശ്വാസമായി. ഹജ്ജ് മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മൂന്ന് ക്യാമ്പുകളും ഏകോപിപ്പിക്കാൻ സാധിച്ചതും നേട്ടമായി.
കരിപ്പൂരിൽനിന്ന് അഞ്ച് അധിക വിമാനങ്ങൾ ഉൾപ്പെടെ 49, കണ്ണൂരിൽനിന്ന് ഒരു അധിക സർവീസുൾപ്പെടെ 14, കൊച്ചിയിൽനിന്ന് ആറ് സർവീസുകളുമുണ്ടായി. വിവിധ കേന്ദ്ര–- സംസ്ഥാന ഭരണപ്രദേശങ്ങളിൽനിന്നുള്ള 304 തീർഥാടകർ കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകൾവഴിയാണ് പുറപ്പെട്ടത്.
കണ്ണൂരിൽ പുതിയ ഹജ്ജ് ഹൗസ് നിർമിക്കാൻ ശ്രമം തുടങ്ങിയതായി മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഈവർഷത്തെ ഹജ്ജ് ക്യാമ്പിന്റെ സമാപന സംഗമം കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുനിന്ന് ഈ വർഷം ഹജ്ജ് തീർഥാടനത്തിന് മൂന്ന് എംബാർക്കേഷൻവഴി പുറപ്പെടാനായത് ഏറെ സൗകര്യമായെന്ന് അദ്ദേഹം പറഞ്ഞു.
ടി വി ഇബ്രാഹിം എംഎൽഎ അധ്യക്ഷനായി. എം പി അബ്ദുസമദ് സമദാനി എംപി, കലക്ടർ വി ആർ പ്രേംകുമാർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി മൊയ്തീൻകുട്ടി, ഡോ. ഐ പി അബ്ദുൾ സലാം, കെ എം മുഹമ്മദ് ഖാസിം കോയ, കെ ഉമ്മർ ഫൈസി മുക്കം, കെ പി സുലൈമാൻ ഹാജി, എഡിഎം എൻ എം മെഹറലി, ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ് എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തുനിന്ന് ഇത്തവണ ഹജ്ജിന് പോയവരിലേറെയും സ്ത്രീകൾ. തീർഥാടകരിൽ 11,252 പേരിൽ 6899 പേരും സ്ത്രീകളാണ്. ഓരോ വർഷവും വനിതാ തീർഥാടകരുടെ എണ്ണം വർധിക്കുകയാണ്. ഇത് മുൻകൂട്ടിക്കണ്ടാണ് 2019ൽ കരിപ്പൂരിൽ വനിതാ തീർഥാടകർക്കുമാത്രമായി വനിതാ ബ്ലോക്കിന്റെ നിർമാണം ആരംഭിച്ചത്. ഈവർഷത്തെ ആദ്യ ഹജ്ജ് യാത്രക്കുമുമ്പേ ബ്ലോക്ക് പൂർണസജ്ജമാക്കി. ശീതീകരിച്ച താമസമുറികൾ, വെയ്റ്റിങ് ലോഞ്ച്, ഫുഡ് കോർട്ട്, വിശാലമായ സാനിറ്റേഷൻ സൗകര്യങ്ങൾ തുടങ്ങിയവ ഈ കെട്ടിടത്തിലുണ്ട്. മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും ഹജ്ജ് ക്യാമ്പുകൾക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. തീർഥാടകർക്ക് സൗദിയിൽ മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക നോഡൽ ഓഫീസറെയും സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here