ഹമാസ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. ഒക്ടോബർ ഏഴിന് സൂപ്പർ നോവ മ്യൂസിക് ഫെസ്റ്റിവലിൽ വെച്ചാണ് ഇസ്രയേൽ സ്വദേശിയായ ഷിറിൽ ഗോളൻ ഹമാസ് നടത്തിയ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്.
ഞായറാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ പിറന്നാൾ ദിവസമായിരുന്നു അന്ന്. അതേസമയം യുവതിയുടെ ആത്മഹത്യയിൽ ഇസ്രയേൽ സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് കുടുംബം രംഗത്ത് വന്നു. ഹമാസ് ആക്രമണത്തെ അതിജീവിച്ചവരെ ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അവഗണിച്ചുവെന്നാണ് കുടുംബം കുറ്റപ്പെടുത്തിയത്.അക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ശേഷം യുവതി വലിയ രീതിയിൽ മാനസിക സംഘർഷം അനുഭവിച്ചതായാണ് കുടുംബം പറയുന്നത്. സുഹൃത്തുക്കളിൽ നിന്നടക്കം യുവതി ഉൾവലിഞ്ഞുനിന്നുവെന്നും രണ്ട് തവണ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കുടുംബം പറയുന്നു.
ഒക്ടോബർ 7 ന് നടന്ന സൂപ്പർ നോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഷിറിലും പങ്കാളി അഡിയുമാണ് പോയത്. ഹമാസ് ആക്രമണത്തെ തുടർന്ന് ഇരുവരും സംഭവ സ്ഥലത്ത് നിന്നും കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇത് കഴിയാഞ്ഞതോടെ കാർ ഉപേക്ഷിച്ച് ഇരുവരും സമീപം ഒളിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഹമാസ് സംഘം അതുവഴി കടന്നു വരികയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിൽ നിന്നും ഷിറിലും പങ്കാളിയും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സ്ഥലത്ത് നിന്നും ബന്ദികളാക്കിയ എല്ലാവരെയും ഹമാസ് പിന്നീട് കൊലപ്പെടുത്തിയെന്ന വാർത്ത കേട്ടപ്പോൾ ഇരുവർക്കും വലിയ ഞെട്ടലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here