മാനേജ്‌മെൻ്റിൻ്റെ പിടിപ്പുകേടും ധൂർത്തും കാരണമായി തകർച്ചയുടെ വക്കിൽ; 25ന് ഹാന്റക്സ് സംരക്ഷണ ദിനം ആചരിക്കാൻ ജീവനക്കാർ

hantex-trivandrum

മാനേജ്‌മെന്റിന്റെ പിടിപ്പുകേടിന്റെയും ധൂർത്തിൻ്റെയും ഫലമായി അനുദിനം തകർച്ചയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന, സംസ്ഥാന കൈത്തറി സഹകരണ മേഖലയിലെ അപ്പക്‌സ് സ്ഥാപനമായ ഹാൻ്റക്‌സിനെ സംരക്ഷിക്കാൻ നവം. 25ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഹാന്റക്സ് യൂണിറ്റ് സംരക്ഷണ ദിനം ആചരിക്കുന്നു. യൂണിയൻ അംഗങ്ങളും മുഴുവൻ ജീവനക്കാരും പ്രതിഷേധ സൂചകമായി ബാഡ്‌ജ് ധരിച്ച് അന്നേദിവസം ജോലി ചെയ്യുമെന്നും പ്രസിഡന്റ് ഹുസൈൻ ജമാൽ എൻ. വി, സെക്രട്ടറി മഞ്ജുഷ ജി എന്നിവർ അറിയിച്ചു.

തകർച്ചയുടെ ഉത്തരവാദിത്വം മുഴുവൻ ജീവനക്കാരുടെയും തലയിൽ അടിച്ചേൽപ്പിച്ച് ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിച്ചു വരികയാണ് മാനേജ്മെൻ്റ് എന്ന് യൂണിയൻ പറഞ്ഞു. സ്ഥാപനത്തെ സംരക്ഷിക്കാനുള്ള ഫലപ്രദമായ യാതൊരു നടപടികളും ഉണ്ടാകുന്നില്ല. ഹാൻ്റക്‌സിന് കീഴിൽ പ്രവർത്തിക്കുന്ന പ്രാഥമിക കൈത്തറി സഹകരണ സൊസൈറ്റികൾ ഉത്പാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം വിപണിയിൽ ഈ വ്യവസായത്തിൻ്റെ പ്രസിദ്ധി മികച്ചതാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ കുറേക്കാലമായി ഹാൻ്റക്‌സിലെ ചില മുൻ ജീവനക്കാരുമായി ചേർന്നുള്ള ചില ഉദ്യോഗസ്ഥരുടെ അഴിമതിയും ധൂർത്തും സ്ഥാപനത്തെ തകർച്ചയുടെ വക്കോളമെത്തിച്ചു. ഹാൻ്റക്‌സ് ഭരണ സമിതിയെയും രാഷ്ട്രീയ നേതൃത്വത്തെയും തെറ്റിദ്ധരിപ്പിച്ച് ഇക്കൂട്ടർ തഴച്ചു വളരുന്നു. ഇവരുടെ കരങ്ങളിൽനിന്നും ഹാൻ്റക്‌സിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തികൊണ്ടാണ് ജീവനക്കാർ സംരക്ഷണ ദിനം ആചരിക്കുന്നത്.

Read Also: സിനിമാ പെരുമാറ്റചട്ടം വേണം; ഹൈക്കോടതിയെ സമീപിച്ച് ഡബ്ല്യൂസിസി

മാനേജിങ് ഡയറക്ടറുടെ ധിക്കാരപരവും മനുഷ്യത്വരഹിതവുമായ പ്രവർത്തനം ജീവനക്കാരുടെ മാത്രമല്ല സ്ഥാപനത്തിന്റെയും നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. ഹാൻ്റക്‌സ് കൈത്തറി അംഗസംഘങ്ങൾ മുഖാന്തരമല്ലാതെ ഗുണനിലവാരമില്ലാത്ത വസ്ത്രങ്ങൾ അമിത വില നൽകി വാങ്ങുക, സർക്കാർ ഡിപ്പാർട്മെൻ്റുകളിൽ നിന്നും ഹാൻ്റക്സിനു ലഭിച്ചിരുന്ന ഓർഡറുകൾ നഷ്‌ടപ്പെടുത്തുക, വിൽപ്പനയ്ക്ക് അനുയോജ്യമല്ലാത്ത യന്ത്രത്തറി തുണിത്തരങ്ങൾ അമിത വിലനൽകി വാങ്ങിക്കൂട്ടുക തുടങ്ങിയ നടപടികളിലൂടെ ഹാൻ്റക്‌സിനു വൻനഷ്ടം വരുത്തിവയ്ക്കുന്നു. ഹാൻ്റക്സിനു സ്വന്തമായുള്ള നിരവധി കെട്ടിടങ്ങളും ഭൂമിയും ധനവരുമാന മാർഗമായി ഉപയോഗിക്കാതെ പാഴാക്കുകയാണ്.

ജീവനക്കാരുടെ 2009ലെയും 2014ലെയും 2019ലെയും ശമ്പള പരിഷ്‌കരണങ്ങൾ നടപ്പിലാക്കിയിട്ടില്ല. 2004 ലെ ശമ്പള പരിഷ്‌കരണത്തിൻ്റെ കുടിശ്ശിക പൂർണമായും ജീവനക്കാർക്ക് നൽകിയിട്ടില്ല. ഇപ്പോൾ വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്‌തുവരുന്ന ഹാൻ്റക്‌സ് ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്ന ആവശ്യവും മാനേജ്മെൻ്റ് അംഗീകരിക്കുന്നില്ല. നിയമപരമായി ജീവനക്കാർക്ക് ലഭിക്കേണ്ട ലീവ് സറണ്ടർ, പ്രമോഷൻ എന്നിവയെല്ലാം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

Read Also: സിനിമാ പെരുമാറ്റചട്ടം വേണം; ഹൈക്കോടതിയെ സമീപിച്ച് ഡബ്ല്യൂസിസി

പിഎഫ് കുടിശ്ശിക അടിയന്തരമായി അടയ്ക്കുക, അധിക ചുമതല ഒഴിവാക്കി അർഹമായ പ്രാമോഷൻ അനുവദിക്കുക, പിരിഞ്ഞുപോയ ജീവനക്കാരുടെ ആനുകൂല്യം സീനിയോരിറ്റി പ്രകാരം വിതരണം ചെയ്യുക, പത്ത് വർഷത്തിൽ കൂടുതലായി ജോലി ചെയ്‌തുവരുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സർക്കാർ പ്രഖ്യാപിക്കുന്ന ഡിഎ സമയബന്ധിതമായി അനുവദിക്കുക, ഹോളിഡേ വേജസ് അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിക്കുക, ഹാൻ്റക്‌സ് ഓഫീസുകൾക്ക് രണ്ടാം ശനിയഴ്‌ച അവധി അനുവദിക്കുക, ഹാൻ്റക്‌സ് മാനേജ്മെൻ്റിൻ്റെ തൊഴിലാളിവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജീവനക്കാർ നടത്തുന്ന ‘ഹാൻ്റക്‌സ് സംരക്ഷണ ദിനം’ വൻ വിജയമാക്കിത്തീർക്കുന്നതിന് മുഴുവൻ ജീവനക്കാരുടെയും സഹകരണം യൂണിയൻ അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News