ഗാനഗന്ധര്‍വന് ഇന്ന് പിറന്നാള്‍. ആയിരം പൂര്‍ണചന്ദ്രന്‍മാരെ കണ്ട് ശതാഭിഷ്കതനായി കെ ജെ യേശുദാസ്. പ്രായം കൂടുംതോറും ചെറുപ്പമാകുന്ന ശബ്ദം. തലമുറകളുടെ വ്യത്യാസമില്ലാതെ ഏവരെയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്‍റെ ശബ്ദത്തെ സ്നേഹിക്കാത്ത മലയാളിയില്ല.
1961 നവംബര്‍ 14. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ പുതുമുഖഗായകനായി നിശ്ചയിച്ചിരുന്ന സോളോ ഗാനം കെ പി ഉദയഭാനു പാടുകയാണ്. ആ ഗാനത്തിന്‍റെ റെക്കോര്‍ഡിംഗ് തീരുന്നതും കാത്ത് ആ ചെറുപ്പക്കാരന്‍ സ്റ്റുഡിയോയുടെ പുറത്ത് നില്‍ക്കുന്നു. തനിക്കായി പറഞ്ഞിരുന്ന ഗാനത്തിന് പകരം ലഭിച്ച നാലുവരി ശ്ലോകം പാടാന്‍ പതിയെ അകത്തേക്ക്. മൈക്രോഫോണും ഹെഡ്ഫോണുമൊക്കെ ആദ്യമായി കാണുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന്‍റെ പരിഭ്രമത്തോടെ ഒന്നു രണ്ടു റിഹേഴ്സല്‍ . സംഗീതസംവിധായകന്‍ എം.ബി. ശ്രീനിവാസിന്‍റെ നിര്‍ദേശ പ്രകാരം ഫൈനല്‍ റിഹേഴ്സലെന്ന് കരുതി പാടിയ ടേക്ക്.
Also read:34 വയസ്, സ്വവര്‍ഗാനുരാഗി; ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റല്‍
‘ജാതിഭേദം മതദ്വേഷംഏതുമില്ലാതെ സര്‍വരുംസോദരത്വേന വാഴുന്നമാതൃകാ സ്ഥാനമാണിത്.’
സ്റ്റുഡിയോയിലെ സ്പീക്കറിലൂടെ ആ സ്വരം ഒഴുകിവന്നു. എല്ലാവരും ആകാംക്ഷയോടെ റിക്കോര്‍ഡിസ്റ്റ് കോടീശ്വര റാവുവിനോട് ചോദിച്ചു ‘എങ്ങനെയുണ്ട?്’അദ്ദേഹത്തിന്റേതാണ് അന്തിമ അഭിപ്രായം. ഒരു ഗായകന്റെ വിധി എഴുതുന്ന മുഹൂര്‍ത്തം. ‘ഒരു പത്തു വര്‍ഷം കഴിഞ്ഞു പറയാം’ റാവു പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷമായി. കുറഞ്ഞത് പത്തുവര്‍ഷത്തേക്ക് മലയാള സിനിമയില്‍ ഈ ശബ്ദം ഉടവുതട്ടാതെ നിലനില്‍ക്കും എന്നാണ് കോടീശ്വര റാവു ഉദ്ദേശിച്ചത്. എന്നാല്‍ കാലം ആ നിമിഷം പറഞ്ഞിട്ടുണ്ടാവണം പത്ത് അല്ല പതിറ്റാണ്ടുകള്‍ പിന്നിട്ട് ഈ ശബ്ദം ഇന്ത്യന്‍ സംഗീതലോകത്തെ അടക്കി വാഴുമെന്ന്. അന്ന് സ്വന്തമാക്കിയ ആ സ്ഥാനം ആയിരം പൂര്‍ണചന്ദ്രന്‍മാരെ കണ്ട് 84 ന്‍റെ നിറവില്‍ നില്‍ക്കുമ്പോഴും മലയാളത്തിന്‍റെ ഗാനഗന്ധര്‍വന് മാത്രം സ്വന്തം.
അല്ലിയാമ്പല്‍ കടവില്‍
അന്നോളം മലയാളം കേള്‍ക്കാത്ത തരത്തിലുള്ള ഹൃദയഹാരിയായ സംഗീതമാണ് റോസി എന്ന ചിത്രത്തിലെ ‘അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കുവെള്ളം…’ എന്ന പ്രണയഗാനത്തിന് ജോബ് ഒരുക്കിയത്. കെ.പി. ഉദയഭാനുവിനായി നിശ്ചയിച്ച ഗാനം. എന്നാല്‍ ആ ദിവസങ്ങളില്‍ കടുത്ത പനി ബാധിച്ചതു കാരണം അദ്ദേഹത്തിന്‍റെ നിര്‍ദേശ പ്രകാരം ആ ഗാനം പാടാന്‍ നിയോഗിക്കപ്പെട്ടത് യേശുദാസായപ്പോള്‍ ആദ്യം നഷ്ടമായ അവസരത്തിന് കാലം കാത്തുവെച്ച സമ്മാനമായി മാറി അത്. ഇവിടെ ഓര്‍മിക്കപ്പെടേണ്ട മറ്റൊരാള്‍ കൂടിയുണ്ട് , രാമന്‍ നമ്പീശന്‍. കെ.എസ്.ആന്റണി സംവിധാനം ചെയ്ത കാൽപാടുകൾക്കു വേണ്ടി ന്ന സിനിമയുടെ നിര്‍മാതാവ് . അദ്ദേഹത്തിന്‍റെ നിര്‍ബന്ധമായിരുന്നു യേശുദാസിന് ലഭിച്ച ആ നാലുവരി ശ്ലോകം.
സുറുമയെഴുതിയ മിഴികള്‍
ശബ്ദമാധുര്യം, ഉച്ചാരണസ്ഫുടത, ആലാപനവൈദഗ്ധ്യം, ഭാവപ്പകര്‍ച്ച തുടങ്ങിയ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ മലയാളം പാട്ടുകാരനെ കേരളം ആദ്യമായി അനുഭവിക്കുകയായിരുന്നു യേശുദാസിലൂടെ. 1965ല്‍ മലയാളഗായകര്‍ക്കിടയിലെ ആദ്യസൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കു ആദ്യ ചുവടു വച്ചതു മുതല്‍ ഇന്നോളം ആ പദവിയില്‍ മറ്റൊരാള്‍ അവരോധിതനായിട്ടില്ല. പിന്നീട് ആ ഭാഗ്യം കോളിവുഡിനും ബോളിവുഡിനും സ്വന്തമായി.
Also read:കര്‍ണാടകത്തിനും കേന്ദ്രത്തിന്റെ വെട്ട്; കന്നഡിഗരെ അപമാനിച്ചെന്ന് സിദ്ധരാമയ്യ
ഗോരു തെരൈ
എട്ട് ദേശീയ അവാർഡുകൾ, മലയാളം, തമിഴ്, ഹിന്ദി തുടങ്ങി ലാറ്റിൻ, അറബി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ട 80,000-ത്തിലധികം ഗാനങ്ങൾ , മൂന്ന് പത്മ പുരസ്‌കാരങ്ങൾ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളിലേക്കാണ് അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ മകന്‍ സംഗീതത്തിലൂടെ മാത്രം സ്വന്തമാക്കിയത്.
കല്യാണ തെനില
ഈ ഗന്ധര്‍വ സ്വരം കാതില്‍ തേന്‍മഴയായി നിറഞ്ഞു നില്‍ക്കുകയാണ് . തലമുറകള്‍ എത്ര മാറി വന്നാലും ഈ നാദസൗകുമാര്യത്തെ നെഞ്ചേറ്റാത്തവരായി ഒരാളും ഇവിടെ ഉണ്ടാകില്ല.
മെല്ലെ മെല്ലെ മുഖപടം
മലയാളിയെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ അവസാനവാക്കാണ് യേശുദാസ്. സംഗീതത്തിന്‍റെ സ്വഭാവം ഏതായാലും അത് ആ സ്വരമാധുരിയിലേക്ക് സന്നിവേശിക്കപ്പെടുമ്പോള്‍ അവിടം ഗന്ധര്‍വസംഗീതത്തിന്‍റെ വേദിയാകും.
ഹരിവരാസനം
ദാസേട്ടന്‍ പാടിയ കാലഘട്ടങ്ങളില്‍ ജീവിക്കാന്‍ സാധിച്ച നമ്മെയോര്‍ത്ത് ഭാവി തലമുറകള്‍ അസൂയപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. സംഗീതത്തിന്‍റെ അതിരുകളില്ലാത്ത ആകാശത്ത് പൂര്‍ണശോഭയോടെ ജ്വലിച്ച് നില്‍ക്കുന്ന മലയാളത്തിന്‍റെ ഗാനഗന്ധര്‍വ്വന് ഇനിയും ഇനിയും ഒരായിരം പാട്ടുകള്‍ നമ്മുക്കായി പാടാന്‍ സാധിക്കട്ടേ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here