വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച സ്വർണ്ണമോതിരം ഹരിത കർമ്മസേനാംഗങ്ങൾ ഉടമസ്ഥന് തിരികെ നൽകി. ഇടവ ഗ്രാമപ്പഞ്ചായത്ത് 15-ാം വാർഡിലെ ഹരിതകർമസേന അംഗങ്ങളായ കസ്തൂരി, ബിനിത എന്നിവരാണ് കളഞ്ഞ് കിട്ടിയ മോതിരം ഉടമക്ക് തിരികെ നൽകിയത്. ഇടവ വെറ്റക്കട കുഴിയം ഹൗസിൽ സബീദയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നായിരുന്നു ഇവർ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്.
മാലിന്യങ്ങൾ വേർതിരിക്കുന്നതിനിടെയാണ് ഒരു കവറിനുള്ളിൽ സ്വർണ്ണമോതിരം കിട്ടിയത്. ഉടമയുടെ വീടിനടുത്തുവെച്ച് തന്നെ മാലിന്യം വേർതിരിച്ച് തുടങ്ങിയതിനാൽ തന്നെ മോതിരം ആരുടെതെന്ന് കണ്ടെത്താൻ വളരെപ്പെട്ടെന്ന് സാധിച്ചു. സബീദയുടെ വീട്ടിൽ സ്ഥിരമായി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തുന്നവരാണ് കസ്തൂരിയും ബിനിതയും. അതുകൊണ്ടുതന്നെ പരസ്പരം പരിചയവുമുണ്ട്. മോതിരം തിരികെ നൽകിയ കസ്തൂരിയെയും ബിനിതയെയും സബീദ അഭിനന്ദിച്ചു. വിവരമറിഞ്ഞ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്കും സെക്രട്ടറി അനിൽകുമാറും ഇവരെ അഭിനന്ദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here