ഹരിയാന തെരഞ്ഞെടുപ്പ്; ഇവിഎം മെഷീനില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ്

Congress

ഹരിയാന തെരഞ്ഞെടുപ്പില്‍ ഇവിഎം മെഷീനില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കില്ലെന്നും പ്രതികരിച്ച് കോണ്‍ഗ്രസ്. ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച ഹരിയാന കോണ്‍ഗ്രസിനെ കൈവിട്ടു. ആം ആദ്മി പാര്‍ട്ടിയെ പോലും കൂടെ നിര്‍ത്താതെ ഒറ്റയ്ക്ക് മത്സരിച്ചതും, മതേതര വോട്ടുകള്‍ ഭിന്നിപ്പോയതും കോണ്‍ഗ്രസിന് തിരിച്ചടിയായി.

കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ സമരം, അഗ്‌നിവീര്‍ പദ്ധതി ഉള്‍പ്പെടെ ശക്തമായി ആഞ്ഞടിച്ച ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെങ്കിലും അതൊക്കെ വോട്ടാക്കി മാറ്റുന്നതില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടതാണ് ഹരിയാനയില്‍ കാണാന്‍ കഴിഞ്ഞത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തും ഭൂപീന്ദര്‍ ഹൂഡയുടെ വസതിയിലുമെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വലിയ ആഘോഷമായിരുന്നു.

ALSO READ:ആര്‍ജി കര്‍ ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയായി കൂട്ടരാജി

പിന്നീട് വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ആളൊഴിഞ്ഞ കോണ്‍ഗ്രസ് ആസ്ഥാനം. ആം ആദ്മി പാര്‍ട്ടിയുമായി പോലും സഖ്യമുണ്ടാക്കാതെ മുന്നോട്ട് പോയ കോണ്‍ഗ്രസ് ചോദിച്ചു വാങ്ങിയ പരാജയമെന്നാണ് വിലയിരുത്തലുകള്‍. 2005 മുതല്‍ 2014 വരെ ഹരിയാന ഭരിച്ച ജാട്ട് വിഭാഗക്കാരനായ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡയ്‌ക്കൊപ്പം നില്‍ക്കുന്ന മറ്റൊരു നേതാവ് ഹരിയാന രാഷ്ട്രീയത്തില്‍ നിലവിലില്ല. ആ നേതാവ് നേതൃത്വം കൊടുത്ത കോണ്‍ഗ്രസിനെയാണ് ഹരിയാന ജനത തരിപ്പണമാക്കിയിരിക്കുന്നത്. മതനിരപേക്ഷ വോട്ടുകള്‍ ചിതറിപ്പോയത് ബിജെപിക്ക് ഗുണം ലഭിക്കുകയും ചെയ്തു. അതേസമയം വിധി അംഗീകരിക്കുന്നില്ലെന്നും ഇ വി എം മെഷീനില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസിനെ വിമര്‍ശിച്ചും നേതാക്കള്‍ രംഗത്ത് വരുന്നുണ്ട്. ബിജെപിയുമായി നേരിട്ടുള്ള പോരാട്ടം നടക്കുന്നിടത്തെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാകുമെന്നതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവെക്കുന്ന തന്ത്രത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി വിമര്‍ശിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും.

ALSO READ:ജമ്മു കശ്മീരില്‍ ബിജെപിയെ തകര്‍ത്ത് ഇന്ത്യാ സഖ്യം; 90 അംഗ നിയമസഭയില്‍ സഖ്യത്തിന് കേവല ഭൂരിപക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News