മലയാളത്തിലെ മാസ് സിനിമകളുടെ തലതൊട്ടപ്പനായ അമൽ നീരദിനൊപ്പം ഹാട്രിക് നേട്ടം കൈവരിക്കാനായ ആഹ്ലാദത്തിലാണ് നടൻ നിസ്താർ. ഇരുവരും ചേർന്ന് മൂന്നാമതും ഒരുമിച്ച ബോഗയ്ൻവില്ല റിലീസിന് അടുത്തിരിക്കെ സംവിധായകൻ അമൽനീരദുമായുള്ള തന്റെ അനുഭവങ്ങൾ പങ്കിടുകയാണ് നിസ്താർ. അമൽനീരദിന്റെ വരത്തനും ഭീഷ്മപർവത്തിനും ശേഷമാണ് ബോഗയ്ൻവില്ലയിൽ താൻ അഭിനയിക്കുന്നത്. ചിത്രത്തിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം തന്നെയായിരിക്കും തന്റേതെന്ന് നിസ്താർ പറഞ്ഞു. രണ്ട് വാക്കുകളിലാണ് നിസ്താറിനോട് ബോഗെയ്ൻ വില്ലയിലെ കഥാപാത്രത്തെക്കുറിച്ച് അമൽ നീരദ് വിശദമാക്കിയതെന്ന് നിസ്താർ പറയുന്നു. ഒരു ദിവസം ഉച്ച കഴിഞ്ഞ നേരത്താണ് അമൽ നീരദിൻ്റെ ഫോൺ വന്നത്.
“നമ്മുടെ അടുത്ത പ്രോജക്ടിൽ നിസ്താറിക്ക ഒരു ക്യാരക്ടർ ചെയ്യണം. അത് വന്ന് ചെയ്തേ പറ്റൂ” എന്ന് അമൽ പറഞ്ഞു. “ചെയ്യാം അതിന് വേറെ ബുദ്ധിമുട്ടൊന്നുമില്ലെന്ന്, നിസ്താർ മറുപടി പറഞ്ഞു. “ക്യാരക്ടർ അറിയണ്ടേ ” എന്നായി അടുത്ത ചോദ്യം. ” ആവശ്യമുണ്ടെങ്കിലല്ലേ എന്നെ വിളിക്കൂ. അല്ലെങ്കിൽ വിളിക്കില്ലല്ലോ” എന്ന് മറുപടി നൽകിയപ്പോൾ ക്രൂരനായ ഒരു ഫ്യൂഡൽ മാടമ്പി എന്ന് അമൽ നീരദ് മറുപടി നൽകി. അങ്ങോട്ടും ഇങ്ങോട്ടും അർഹിക്കുന്ന ബഹുമാനം കൊടുക്കുന്ന വല്ലാത്തൊരു സൗഹൃദമാണ് ഞങ്ങൾ തമ്മിലെന്ന് നിസ്താർ പറയുന്നു. വരത്തൻ റിലീസായതിൻ്റെ പിറ്റേന്ന് അമൽ തന്നെ വിളിച്ചു, ” സിനിമയ്ക്ക് നല്ല അഭിപ്രായമുണ്ട്. നിസ്താറിക്കയുടെ ക്യാരക്ടറിനും ‘എൻ്റെ അച്ഛനും ( അന്തരിച്ച എഴുത്തുകാരനും അദ്ധ്യാപകനുമായ സി. ആർ. ഓമനക്കുട്ടൻ) ആ റോൾ ചെയ്തത് പുതിയ ആളാണല്ലേ നന്നായി ചെയ്തിട്ടു “ണ്ടെന്ന് പറഞ്ഞിരുന്നെന്ന് നിസ്താർ പറഞ്ഞു. ഭീഷ്മ പർവ്വത്തിൻ്റെ ടീസർ റിലീസ് ചെയ്യുന്ന ദിവസവും അമൽ വിളിച്ചു ,”ഒന്ന് കാണണേ ” അന്ന് ആ ടീസർ കണ്ടതിൻ്റെ ഞെട്ടലും എക്സൈറ്റ്മെൻ്റും ഇന്നും മാറിയിട്ടില്ലെന്ന് നിസ്താർ പറയുന്നു.
സൗബിൻ ഷാഹിർ നായകനാകുന്ന ആബേലാണ് നിസ്താർ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം , നവാഗതനായ അനീഷ് ജോസ് മൂത്തേടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ്റെ അച്ഛനായി മുഴുനീള വേഷമാണ് നിസ്താർ ചെയ്യുന്നത്. “സ്നേഹവാത്സല്യങ്ങളും കാർക്കശ്യവും അല്പം പിശുക്കുമൊക്കെയുള്ള ഒരച്ഛൻ’. സുരേഷ് ഗോപി നായകനായി നവാഗതനായ പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (JSK) യാണ് നിസ്താർ അഭിനയിച്ച് പൂർത്തിയാക്കിയ മറ്റൊരു ചിത്രം. മലയാളത്തിലും ഇതര ഭാഷകളിലുമായി ചില വെബ് സീരീസുകളിലും നിസ്താർ വേഷമിടുന്നുണ്ട്. “ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്നുള്ളതിനാൽ സൂക്ഷിച്ചേ ഇപ്പോൾ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നുള്ളൂവെന്ന് നിസ്താർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here