സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് രണ്ട് വർഷം തടവ് വിധിച്ച് രാംപൂർ കോടതി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മറ്റുള്ളവർക്കുമെതിരെ അസം ഖാൻ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് ശിക്ഷ. അസം ഖാന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ ക്ലിപ്പ് വൈറലായതോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ അനിൽ കുമാർ ചൗഹാൻ പരാതി നൽകുകയായിരുന്നു. മതത്തിന്‍റെ പേരില്‍ ഒരു പ്രത്യേക സമുദായത്തില്‍ നിന്ന് വോട്ടുകള്‍ തേടിയതായും വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു.
അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയുടെയും മായാവതിയുടെ ബിഎസ്പിയുടെയും സഖ്യ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനിടെയാണ് അസം ഖാൻ വിവാദ പ്രസംഗം നടത്തിയത്.
ALSO READ: അപകീര്‍ത്തിക്കേസ്: ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍
2022 മറ്റൊരു വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അസം ഖാന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എംപി-എംഎൽഎ മജിസ്‌ട്രേറ്റ് കോടതിയുടെ കണ്ടെത്തലിൽ മൂന്ന് വർഷത്തെ തടവിന് വിധിക്കുകയും ചെയ്തിരുന്നു. ഇതോടെ ഉത്തർപ്രദേശ് നിയമസഭയിൽ നിന്ന് അസം ഖാൻ അയോഗ്യനായി. പിന്നാലെ രാംപൂർ സദർ സീറ്റിൽ ഉപതിരഞ്ഞെടുപ്പും നടന്നു. ഈ വർഷം മേയിൽ രാംപൂരിലെ പാർലമെന്റംഗങ്ങളെയും നിയമസഭാംഗങ്ങളെയും വിചാരണ ചെയ്യാൻ നിയോഗിക്കപ്പെട്ട സെഷൻസ് കോടതി ശിക്ഷ റദ്ദാക്കുകയും കേസിൽ അസം ഖാനെ വെറുതെ വിടുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയതിനു ശേഷം അസം ഖാനെതിരെ 80-ഓളം ക്രിമിനല്‍ കേസുകളാണ് ചുമത്തിയത്. കഴിഞ്ഞ വർഷം ഭൂമി കയ്യേറ്റ കേസിൽ അസം ഖാന് രണ്ട് വർഷം ജയിൽ ശിക്ഷയും ലഭിച്ചിരുന്നു .പിന്നീട് സുപ്രീം കോടതി അസം ഖാന് ജാമ്യം നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here